ഫ്രാന്‍സിലും മരണം 10000 കടന്നു, അമേരിക്കയില്‍ നാല് ലക്ഷം രോഗബാധിതര്‍

ന്യൂയോര്‍ക്ക് - കോവിഡ് രോഗബാധയില്‍ ലോകത്ത് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്. കോവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്കയും ചൈനയും ഒരുമിച്ച് നില്‍ക്കണമെന്ന് ലോകാരോഗ്യസംഘടന.  ബ്രിട്ടനില്‍ 938 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന യൂറോപ്യന്‍ രാജ്യമായി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നിലയില്‍ പുരോഗതി.
1,417 പേര്‍ കൂടി മരിച്ചതോടെ ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 10,328 ആയി. ഇവിടെ രോഗബാധിതരുടെ എണ്ണം 1,09,069. ഇറ്റലി, സ്‌പെയിന്‍, യു.എസ് എന്നിവിടങ്ങളിലാണ് നേരത്തെ പതിനായിരത്തിനു മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡിന്റെ പുതിയ ഹോട്‌സ്‌പോട്ടുകളെന്ന് വിശേഷിക്കപ്പെടുന്ന നെതര്‍ലാന്‍ഡ്‌സിലും ബെല്‍ജിയത്തിലും മരണസംഖ്യ ഉയരുകയാണ്. ബെല്‍ജിയത്തില്‍ 2240 പേര്‍ മരിച്ചു. 23403 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ 2248 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 20549 പേര്‍ രോഗബാധിതരാണ്.
യു.എസിലും റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1970 പേരാണ് 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. യു.എസില്‍ ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. രാജ്യത്തെ കോവിഡ് മരണം 12929 ആയി ഉയര്‍ന്നു. 4,02,823 പേര്‍ രോഗബാധിതരാണ്.

 

 

Latest News