അല്‍ബാഹ - സൗദിയിലെ അല്‍ബാഹ പ്രവിശ്യയില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്ക് ഗവര്‍ണറുടെ വക അനുമോദനങ്ങളും സമ്മാനവും. കൊറോണബാധ സംശയിച്ച് ബല്‍ജുറശിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ 44 വിദേശ തൊഴിലാളികളെയാണ് ബല്‍ജുറശി ഗവര്‍ണര്‍ ഗലാബ് ബിന്‍ ഗാലിബ് അബൂഖുശൈം സന്ദര്‍ശിച്ച് അനുമോദിച്ചത്.
രണ്ടാഴ്ച മുമ്പ് ബല്‍ജുറശിയിലെ വ്യാപാര കേന്ദ്രത്തില്‍ ഷോപ്പിംഗ് ട്രോളികളില്‍ തുപ്പിയ ഏഷ്യന്‍ വംശജനായ തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 44 തൊഴിലാളികളെയാണ് രോഗബാധ സംശയിച്ച് ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നത്.ഷോപ്പിംഗ് ട്രോളികളില്‍ തുപ്പിയ ഏഷ്യന്‍ തൊഴിലാളിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
പതിനാലു ദിവസം ക്വാറന്റൈനില്‍ കഴിയുകയും പരിശോധനകളിലൂടെ രോഗവിമുക്തരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് 44 പേര്‍ക്ക് കഴിഞ്ഞ ദിവസം നിരീക്ഷണം ഒഴിവാക്കിയത്.

ബോധവല്‍ക്കരണ ബ്രോഷറുകളും പൂച്ചെണ്ടുകളും പ്രദേശത്തെ വ്യാപാര കേന്ദ്രത്തില്‍ ഷോപ്പിംഗ് നടത്തുന്നതിനുള്ള പ്രീപെയ്ഡ് കാര്‍ഡുകളും തൊഴിലാളികള്‍ക്ക് ഗവര്‍ണര്‍ വിതരണം ചെയ്തു.
കൊറോണബാധ സ്ഥിരീകരിച്ച തൊഴിലാളി സ്പര്‍ശിക്കുകയോ സമീപത്തു കൂടി കടന്നുപോവുകയോ ചെയ്തതായി കണ്ടെത്തിയ മുഴുവന്‍ ഉല്‍പന്നങ്ങളും നശിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ നിര്‍ണയിച്ചത്. ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇരുമ്പ് സ്റ്റാന്റുകള്‍ വരെ നശിപ്പിച്ചിട്ടുണ്ട്. പതിനഞ്ചു ലക്ഷം റിയാലിന്റെ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. ഇതിനു ശേഷമാണ് സ്ഥാപനം വീണ്ടും തുറന്നത്. ഷോപ്പിംഗ് ട്രോളികളില്‍ തുപ്പുകയും കൊറോണബാധ സ്ഥിരീകരിക്കുകയും ചെയ്ത ഏഷ്യന്‍ തൊഴിലാളി സാധനങ്ങള്‍ വാങ്ങുന്നതിന് വ്യാപാര കേന്ദ്രത്തില്‍ എത്തിയതായിരുന്നു. ഇയാള്‍ സ്ഥാപനത്തിലെ ജീവനക്കാരനല്ലെന്നും ഉടമ പറഞ്ഞു.






