ഇന്ത്യ നേരിടുന്നത് വലിയ വെല്ലുവിളി; സന്നാഹം ശക്തമാക്കാന്‍ തീരുമാനം

ബോധവല്‍ക്കരണത്തിനായി സുധാകര്‍ യാദവ് രൂപം നല്‍കിയ കൊറോണ കാര്‍ ഹൈദരബാദിലെ റോഡില്‍. സുധാകര്‍ യാദവാണ് കാര്‍ ഓടിക്കുന്നത്.

ന്യൂദല്‍ഹി-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പകരം വലിയ സന്നാഹമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയില്‍ കോവിഡ് ഭീഷണി ഗരുതരനിലയിലേക്ക് നീങ്ങുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വ്യക്തമാക്കുന്നത്.

അതിനിടെ, ലോക്ഡൗണ്‍ അവസാനിപ്പിച്ചാലും ഇല്ലെങ്കിലും മെയ് 15 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും മത ചടങ്ങുകളടക്കമുള്ള പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര മന്ത്രിമാരുടെ സംഘം ശുപാര്‍ശ ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ പ്രഖ്യാപിച്ച ലോകഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 മുതല്‍ നാല് ആഴ്ചത്തേക്കെങ്കിലും ഷോപ്പിങ് മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്.
ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ, ലോക്ഡൗണ്‍ സമയപരിധിക്ക് ശേഷം നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച നടത്തി.

മുന്‍കരുതല്‍ നടപടിയായി മതസംഘടനകളുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് മെയ് 15 വരെ അനുമതി നല്‍കരുതെന്ന നിര്‍ദേശം പ്രധാനമായും ഉയര്‍ന്നുവന്നു. മത കേന്ദ്രങ്ങള്‍, മാളുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ ഡ്രോണുകളിലൂടെ നിരീക്ഷിക്കാനും യോഗം ശുപാര്‍ശ ചെയ്തു.

ലബോറട്ടറികളില്‍ കൊറോണ പരിശോധനക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മെഡിക്കല്‍ സൗകര്യങ്ങള്‍ അപര്യാപ്തത ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണിത്.

 

Latest News