ന്യൂദൽഹി- കോവിഡ്-19 പ്രതിരോധത്തിനുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ എന്ന മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്
ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസാനാരോ കത്തയച്ചു. 'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ ഹിമാലയത്തിൽനിന്ന് വിശുദ്ധ മരുന്ന് കൊണ്ട് വന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും ഒരുമിച്ച് ഈ ആഗോള പ്രതിസന്ധി മറികടക്കുമെന്നാണ് ബ്രസീൽ പ്രസിഡന്റ് അയച്ച കത്തിലെ വാചകം. കഴിഞ്ഞ ദിവസം മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ്് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മരുന്ന് ലഭ്യമാക്കിയില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഏതാനും മണിക്കൂറുകൾക്കകം തന്നെ അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയക്കാമെന്ന് ഇന്ത്യ സമ്മതിക്കുകയും ചെയ്തു. അമേരിക്കയിലേക്ക് ഗുജറാത്തിൽനിന്നാണ് മരുന്ന് കയറ്റുമതി ചെയ്യുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ( ഐ.സി.എം.ആർ) ഡയരക്ടർ ജനറൽ ബൽറാം ഭാർഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനായി ശുപാർശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണൽ ടാസ്‌ക് ഫോഴ്‌സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കൺട്രോളർ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അംഗീകരിക്കപ്പെടുന്നത്.






