- വഴിയൊരുക്കിയത് രാജകാരുണ്യം
മിന- അധിനിവേശ ശക്തികളായ സയണിസ്റ്റുകൾ വേർപ്പെടുത്തിയ ഫലസ്തീനി സഹോദരങ്ങൾക്ക് പരസ്പരം കാണുന്നതിന് പതിനഞ്ചു വർഷം കഴിയേണ്ടിവന്നു. ഇതിന് വഴിയൊരുക്കിയതാകട്ടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സഹായഹസ്തവും. മിനായിലെ തമ്പിൽ യാദൃശ്ചികമായാണ് ഇരുവരും ബലി പെരുന്നാൾ ദിവസം കണ്ടുമുട്ടിയത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സമീറിന് ഫലസ്തീനിൽ എത്തി സഹോദരിയെയോ മറ്റു കുടുംബാംഗങ്ങളെയോ സന്ദർശിക്കുന്നതിന് ഒന്നര ദശകമായി ഇസ്രായിൽ അനുമതി നൽകിയിട്ടില്ല.
സൽമാൻ രാജാവിന്റെ വിശിഷ്ടാതിഥികളായാണ് സമീറും ബുശ്‌റയും ഹജിനെത്തിയത്. ഇക്കാര്യം സഹോദരങ്ങൾക്ക് ഇരുവർക്കും പരസ്പരം അറിയില്ലായിരുന്നു. ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യുവരിക്കുകയോ ദീർഘകാലമായി ഇസ്രായിൽ ജയിലുകളിൽ കഴിയുകയോ ചെയ്യുന്ന ഫലസ്തീനികളുടെ ബന്ധുക്കളായ ആയിരം പേർക്കാണ് ഈ വർഷം രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽനിന്നും ഗാസയിൽനിന്നുമുള്ളവർക്ക് സമമായാണ് ഈ സീറ്റുകൾ വീതിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽനിന്നുള്ള തീർഥാടകർക്കൊപ്പമാണ് ബുശ്‌റ പുണ്യഭൂമിയിൽ എത്തിയത്. രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് ബുശ്‌റയെയും തെരഞ്ഞെടുക്കുകയായിരുന്നു.
എൺപതു ലോക രാജ്യങ്ങളിൽനിന്നുള്ള 1,300 പേർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന പദ്ധതിയുടെ ഗുണം ലഭിച്ചാണ് സമീർ ഓസ്‌ട്രേലിയയിൽനിന്ന് പുണ്യഭൂമിയിൽ എത്തിയത്. മിനായിലെ തമ്പിൽ സഹോദരനെ അപ്രതീക്ഷിതമായി ബുശ്‌റ കണ്ടെത്തുകയായിരുന്നു. പതിനഞ്ചു വർഷം നീണ്ട വിരഹവേദനക്കൊടുവിൽ സഹോദരനെ ഒട്ടുംപ്രതീക്ഷിക്കാതെ പുണ്യഭൂമിയിൽ കണ്ടമാത്രയിൽ വികാരത്തള്ളിച്ചയിൽ പരിസരം മറന്ന ബുശ്‌റ ഓടിച്ചെന്ന് സഹോദരനെ വാരിപ്പുണർന്നു.
ഏറ്റവും ഒടുവിൽ സഹോദരനെ കണ്ട നിമിഷം മനസിൽ മായാതെ ഇന്നും താൻ സൂക്ഷിക്കുന്നതായി ബുശ്‌റ പറഞ്ഞു. സഹോദരി ഹജിന് പുറപ്പെട്ട കാര്യം തനിക്കോ താൻ ഹജ് നിർവഹിക്കുന്ന കാര്യം സഹോദരിക്കോ അറിയുമായിരുന്നില്ലെന്ന് സമീർ പറഞ്ഞു. മിനായിൽ വെച്ചാണ് സഹോദരിയും രാജാവിന്റെ അതിഥിയായി ഹജ് നിർവഹിക്കുന്നതിന് എത്തിയതായി അറിയാൻ കഴിഞ്ഞത്. തനിക്ക് ആഹ്ലാദം നിയന്ത്രിക്കാൻ സാധിച്ചില്ല. ബലി പെരുന്നാൾ ദിവസം സഹോദരിയെ അന്വേഷിച്ച്, സൽമാൻ രാജാവിന്റെ അതിഥികൾ കഴിയുന്ന തമ്പുകളിൽ താൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് സഹോദരി കഴിയുന്ന തമ്പ് കണ്ടെത്തുന്നതിന് സാധിച്ചത്. സഹോദരിക്കു വേണ്ടിയുള്ള അന്വേഷണത്തിന് കിംഗ് സൽമാൻ ഹജ് പ്രോഗ്രാം അധികൃതരും ഏറെ സഹായിച്ചു. ഇനിയൊരിക്കലും കൂടപ്പിറപ്പിനെ കാണാൻ സാധിക്കില്ലെന്ന് കരുതി നിരാശപ്പെട്ടു കഴിഞ്ഞുവരുന്നതിനിടെയാണ് ഒരിക്കലും പ്രതീക്ഷിക്കാതെ സഹോദരിയെ പുണ്യഭൂമിയിൽ വീണ്ടും കാണുന്നതിന് സാധിച്ചതെന്നും ഇതിന് തങ്ങൾക്ക് അവസരമൊരുക്കിയതിന്റെ എല്ലാ ക്രെഡിറ്റും സൽമാൻ രാജാവിനാണെന്നും സമീർ പറഞ്ഞു.