മിന - ധാരാളം മുസ്‌ലിംകളുണ്ടായിട്ടും ഹജ് കർമം നിർവഹിക്കുന്നതിന് ഒരാളെ പോലും അയക്കാത്ത ചില രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങൾ ബൊളീവിയയും ഇക്വഡോറുമാണ്. ബൊളീവിയയിൽ മുസ്‌ലിം ജനസംഖ്യ ഒന്നര ലക്ഷമാണ്. രാജ്യത്തെ ആകെ ജനസംഖ്യ ഒരു കോടിയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇസ്‌ലാമിക് സെന്ററുകളിൽ ഒന്നും ബോളീവിയയിലുണ്ട്. ഇതിന് മൂന്നു ദശകത്തിലേറെ പഴക്കമുണ്ട്. അടുത്ത കാലത്തായി ബൊളീവിയയിൽ മുസ്‌ലിംകൾക്കിടയിൽ വലിയ സമുദ്ധാരണമുണ്ടായിട്ടുണ്ട്. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലാണ് ബൊളീവിയയിൽ ഇസ്‌ലാം പ്രചരിച്ചത്. കുടിയേറ്റക്കാരായ ആഫ്രിക്കക്കാർ വഴിയാണ് ഇസ്‌ലാമും മറ്റു മതങ്ങളും ബൊളീവിയയിൽ എത്തിയത്. മുസ്‌ലിംകളുടെ സ്വഭാവമഹിമയിലും ഇടപാടുകളിലെ സത്യസന്ധതയിലും ആകൃഷ്ടരായി റെഡ് ഇന്ത്യക്കാർ അവരുമായി വിവാഹബന്ധങ്ങൾ സ്ഥാപിക്കുകയും ഇതിലൂടെ രാജ്യത്ത് ഇസ്‌ലാം പ്രചരിക്കുകയുമായിരുന്നു.
മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽനിന്നും ഈ വർഷം ഹജ് തീർഥാടകർ ആരും എത്തിയിട്ടില്ല. ഇക്വഡോറിൽ രണ്ടായിരത്തോളം മുസ്‌ലിംകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യത്തെ ആകെ ജനസംഖ്യ 1.6 കോടിയാണ്. എന്നാൽ ഇക്വഡോറിലെ മുസ്‌ലിം ജനസംഖ്യ ഇതിലും ഏറെ കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ട്. 1994 ഒക്‌ടോബർ 15 ന് രാജ്യത്തെ ആദ്യത്തെ ഇസ്‌ലാമിക് സെന്റർ ഇക്വഡോർ സ്ഥാപിച്ചു. 1991 ൽ ഖാലിദ് ബിൻ അൽവലീദ് മസ്ജിദും രാജ്യത്ത് സ്ഥാപിച്ചിരുന്നു.
ഹജ് ചെലവുകൾ താങ്ങാൻ മാത്രം സാമ്പത്തിക ശേഷിയില്ലാത്ത പാവങ്ങളായതിനാലും ദൂരക്കൂടുതൽമൂലവുമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ആരും തീർഥാടന കർമത്തിന് എത്താത്തതെന്ന് തുർക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള ഹജ് തീർഥാടകർക്ക് സേവനം നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബോർഡ് അംഗം മുത്വവ്വിഫ് ഡോ. സമീർ തവക്കൽ പറഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഹജിനെത്തുന്നതിന് ചുരുങ്ങിയത് എണ്ണായിരം ഡോളർ മുതൽ പതിനായിരം ഡോളർ വരെ ചെലവ് വരും. അവിടങ്ങളിലെ ഭൂരിഭാഗം മുസ്‌ലിംകൾക്കും ഇത് താങ്ങാൻ കഴിയുന്നതല്ല. പുറമെ അവിടെയുള്ള മുസ്‌ലിംകളിൽ പലരും പുതുവിശ്വാസികളാണ്. ഹജിനുള്ള പണം സ്വരൂപിക്കുന്നതിന് ഇവർക്ക് കൂടുതൽ സമയം ആവശ്യമായി വരും. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും ഏതാനും ഡസൻ തീർഥാടകർ മാത്രമാണ് ഹജിന് വരാറുള്ളത്. ഈ വർഷം ബൊളീവിയയിൽ നിന്നും ഇക്വഡോറിൽ നിന്നും ഹജ് തീർഥാടകർ ആരും എത്തിയിട്ടില്ലെന്നും മുത്വവ്വിഫ് ഡോ. സമീർ തവക്കൽ പറഞ്ഞു.