Sorry, you need to enable JavaScript to visit this website.

ശതകോടീശ്വരന്മാര്‍ 2.5 വര്‍ഷം കൊണ്ട് നേടിയ സമ്പാദ്യം വെറും രണ്ട് മാസം കൊണ്ട് നഷ്ടമാക്കി കൊറോണ; നേട്ടം ചൈനക്ക് മാത്രം


മുംബൈ- കോവിഡ് -19 വ്യാപനത്തില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുന്നതിന് പിന്നാലെ ശതകോടീശ്വരന്മാര്‍ക്ക് നേരിട്ടിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന് ഹൂറന്‍ റിസര്‍ച്ച്. ലോകത്തിലെ ഏറ്റവും മുമ്പന്തിയിലുള്ള നൂറ് ശതകോടീശ്വരന്മാര്‍ക്ക് രണ്ട് മാസം കൊണ്ട് നഷ്ടമായത് 408 ബില്യണ്‍ ഡോളറാണ്.ഇവരുടെ ആകെ ആസ്തിയുടെ പതിമൂന്ന് ശതമാനമാണിത്. രണ്ടര വര്‍ഷം കൊണ്ട് നേടിയെടുത്ത സമ്പാദ്യമാണ് കൊറോണ രണ്ട് മാസംകൊണ്ട് ഇല്ലാതാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ പത്ത് വ്യക്തികള്‍ക്ക് 125 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് നഷ്ടമായതെന്ന് ഹൂറന്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.മാര്‍ച്ച് 3ന് യുഎസ് ഡോളറിലെ മാര്‍ക്കറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ശതകോടീശ്വരന്മാരുടെ സ്വത്ത് കണക്കാക്കിയിരുന്നത്.

ഫെബ്രുവിര,മാര്‍ച്ച് മാസങ്ങളില്‍ ഓഹരി വിപണിയെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.യുഎസ് ജോണ്‍സ് വിപണി 21 ശതമാനവും ഇന്ത്യ,ഫ്രാന്‍സ്,ജര്‍മനി,യുകെ രാജ്യങ്ങളില്‍ കാല്‍ശതമാനം വീതവും ജപ്പാന്‍ വിപണി 18% ഇടിഞ്ഞിട്ടുണ്ട്. 0.2% മുന്നേറിയ ചൈനീസ് വിപണി മാത്രമാണ് പിടിച്ചുനിന്നത്. ചൈനീസ് ശതകോടീശ്വരന്മാര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇക്കാലയളവില്‍ ആസ്തി വര്‍ധിപ്പിച്ച ഒന്‍പത് കോടീശ്വരന്മാരും ചൈനയില്‍ നിന്നുള്ളവരാണ്.മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളും മാംസവ്യാപാരികളുമാണ് നേട്ടം കൊയ്തത്. കഴിഞ്ഞ രണ്ട് മാസക്കാലത്ത് ആറ് ചൈനക്കാരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 

ഹൂറണ്‍ റിപ്പോര്‍ട്ടില്‍ ആമസോണിന്റെ ജെഫ് ബെസോസിന് ആറ് ശതമാനമാണ് നഷ്ടം. ബില്‍ഗേറ്റ്‌സിന് 14%,വാറന്‍ ബഫറ്റിന് 19%,ബെര്‍നാഡ് അര്‍നോള്‍ട്ടിന് 28% ,മാര്‍ക്ക് സുക്കര്‍ബര്‍ഗിന് 15%,അമാന്‍സിയോ ഒര്‍ട്ടേഗ 21%,സ്റ്റീവ് ബള്‍മര്‍ 11%,ജിം വാള്‍ട്ടന്‍ 2%, ആലീസ് വാള്‍ട്ടന്‍ 2%,സെര്‍ജി ബ്രിന്‍ 18%,മുകേഷ് അംബാനി 28%  എന്നിങ്ങനെയാണ് നഷ്ടത്തിന്റെ തോത്. ഹുറൂണ്‍ ശതകോടീശ്വര പട്ടികയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യ നൂറില്‍ മൂന്ന് ഇന്ത്യക്കാരാണ് പുറത്തായത്. . 37% ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് ആറ് ബില്യണായി ഗൗതം അദാനിയും 26% ഇടിഞ്ഞ് അഞ്ച് ബില്യണ്‍ ആസ്തിയോടെ ശിവനടാരും 28% ഇടിഞ്ഞ് നാല് ബില്യണിലേക്ക് ആസ്തി ഇടിഞ്ഞ് ഉദയ് കൊട്ടകുമാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഹുറണ്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് ഉണ്ടായിരുന്ന മുകേഷ് അംബാനി 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. 28% ഇടിഞ്ഞ് അംബാനിയുടെ ആസ്തി 48 ബില്യണ്‍ ഡോളറായി മാറി.
 

Latest News