Sorry, you need to enable JavaScript to visit this website.

കൊറോണ അതിജീവിച്ച പ്രവാസിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

പയ്യന്നൂർ -  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ രോഗമുക്തി നേടുന്ന കണ്ണൂരിൽ കൊറോണയെ അതിജീവിച്ച യുവാവിന്റെ കത്ത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കണ്ണൂർ കുഞ്ഞിമംഗലത്തെ ശിഹാബ് എന്ന പ്രവാസി യുവാവിന്റെ എഴുത്താണ് വൈറലായിരിക്കുന്നത്. രോഗ ബാധയുണ്ടായയുടൻ പേരും വിവരങ്ങളും വെളിപ്പെടുത്തി ശ്രദ്ധേയനായ ആളാണ് ശിഹാബ്.
ഗൾഫിൽ നിന്നെത്തിയ ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറേണ്ടി വന്ന ശിഹാബ് തന്റെ അനുഭവങ്ങൾ വിവരിക്കുകയാണ്.


ഞാൻ ശിഹാബ് കൊവ്വപ്പുറത്ത് (കുഞ്ഞിമംഗലം, കണ്ണൂർ). ഞാൻ കോവിഡ് 19 ബാധിച്ച് മാർച്ച് 19 മുതൽ പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. ഗൾഫിൽ നിന്നും എത്തിയ പിറ്റേ ദിവസം പനി കണ്ടതിനെ തുടർന്നായിരുന്നു ഞാൻ അഡ്മിറ്റായത്. കഴിഞ്ഞ ദിവസം എന്റെ ബ്ലഡ് ടെസ്റ്റ് എല്ലാം നോർമലായ സന്തോഷ വിവരം എന്നെ ഡോക്ടർ അറിയിച്ചു. 


എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയ കാര്യം ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ, നിസ്വാർത്ഥമായ, തന്റെ രോഗിയുടെ രോഗം മാറണം എന്ന ഒറ്റ ചിന്തയോടുള്ള, സ്വന്തം ആരോഗ്യം പോലും നോക്കാതെയുള്ള സമീപനമാണ്. ചികിത്സ എന്നത് മരുന്നുകൾ മാത്രമല്ല രോഗിക്ക് ലഭിക്കേണ്ട മാനസിക പിന്തുണ കൂടിയാണെന്ന് ഈ ചികിത്സാ കാലം എനിക്ക് മനസ്സിലാക്കി തന്നു. ഈ മഹാമാരി ലോകം മുഴുവനും എല്ലാ വൻശക്തികളേയും ഭയപ്പെടുത്തി, ഉയർന്ന മരണ നിരക്കുമായി മുന്നേറുമ്പോഴും , എനിക്ക് ലഭിച്ചുകൊണ്ടിരുന്ന ചികിത്സയുടെയും,  ഭരണ സംവിധാനത്തിന്റെയും മെഡിക്കൽ ടീമിന്റെയും ശക്തമായ മാനസിക പിന്തുണയുടേയും പിൻ ബലത്തിൽ ഈ രോഗാവസ്ഥയിൽ നിന്നും  പൂർണ്ണസുഖം പ്രാപിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ഈ അവസരത്തിൽ എനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയ കേരള ഗവൺമെന്റിനും,ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും, എന്നെ ചികിത്സിച്ച, പരിയാരത്തെ ഡോക്ടർമാർക്കും, നഴ്‌സ് മാർക്കും, മറ്റ് സ്റ്റാഫുകൾക്കും ( സ്വകാര്യത മാനിച്ച് പേരുകൾ ഒഴിവാക്കുന്നു. ക്ഷമിക്കുക), എനിക്ക് മാനസിക പിന്തുണയുമായി ഫോൺ ചെയ്ത  എം.പി രാജ് മോഹൻ ഉണ്ണിത്താനും , മറ്റ് രാഷ്ട്രീയ, സാമുദായിക നേതാക്കൾക്കും, സുഹൃത്തുക്കൾക്കും എന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി എപ്പോഴും ഉണ്ടായിരുന്ന പരിയാരത്തെ കോവിഡ് ചികിത്സാ വിഭാഗ ഡോക്ടർമാർക്കും, കുഞ്ഞിമംഗലം ഗവൺമെൻറ് ആരോഗ്യ കേന്ദ്രത്തിലെ എല്ലാ സ്റ്റാഫുകൾക്കും ,ആശാ വർക്കേഴ്‌സിനും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.


 എനിക്ക് എന്റെ സുഹൃത്തുക്കളോട് പറയാനുള്ളത്, ആരോഗ്യ വിഭാഗം നമുക്ക് തരുന്ന മുന്നറിയിപ്പുകളെ നാം അവഗണിക്കരുത്. മുന്നിൽ നിന്ന് നയിക്കാൻ നമ്മുടെ ആരോഗ്യ വകുപ്പുണ്ട്. ഗവൺമെൻറ് രോഗം നിയന്ത്രിക്കാൻ നടപ്പിലാക്കുന്ന എല്ലാ മാർഗങ്ങളുമായും നമ്മൾ നിർബന്ധമായും സഹകരിക്കണം. രോഗത്തെക്കുറിച്ചുള്ള ആധികാരതയില്ലാത്ത ഒരു പാട് വിവരങ്ങൾ പലരും പങ്ക് വെക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 


ദയവായി അത്തരം പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കുക.ആരോഗ്യ വിഭാഗത്തിന്റെയോ, അംഗീകൃത ഡോക്ടർമാരുടെ സംഘടനയുടേയോ ആയ അറിവുകൾ മാത്രം സ്വീകരിക്കുക. ഇത് കൂടാതെ  കോവിഡ് 19 മായി ബന്ധപ്പെട്ട് ഒരു പാട് അവകാശവാദങ്ങളുമായി ഒരു പാട് ചികിത്സ വിഭാഗക്കാർ മുന്നോട്ട് വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 
ഈ വിഷയവുമായി ബന്ധപ്പെട്ട് ലോകത്തിലെ മറ്റ് സ്ഥലങ്ങളിലുള്ള സുഹൃത്തുക്കളും ആരോഗ്യ പ്രവർത്തകരുമായി ഞാൻ ബന്ധപ്പെട്ടപ്പോൾ നിലവിൽ ഒരു സ്ഥലത്തും പ്രതിരോധ ഗുളികകളോ, കുത്തിവെപ്പോ ലഭ്യമല്ല എന്നറിയാൻ കഴിഞ്ഞു. അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ,അശാസ്ത്രീയ ചികിത്സ രീതികൾ ആശ്രയിക്കാതെ, ആധുനിക ശാസ്ത്രീയ പിൻബലമില്ലാത്ത 'പ്രതിരോധശേഷി കൂട്ടും എന്ന് അവകാശപ്പെടുന്ന ചികിത്സകൾക്കും, യാതൊരു  അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസമില്ലാത്ത സ്വയം പ്രഖ്യാപിത 'വ്യാജ ചികിത്സകരുടെ ' വിവരക്കേടുകൾക്കും, മന്ത്രതന്ത്രങ്ങൾക്കും പിറകെ പോകാതെ  ഉടനടി കോവിഡ് 19 ചികിത്സാവിഭാഗവുമായി ബസപ്പെട്ട് ശാസ്ത്രീയമായ ചികിത്സ തേടുക. ചികിത്സയിലിരിക്കെയാണ് ഇത്തരം വ്യാജ ചികിത്സകളെക്കുറിച്ച് ഇന്റർനെറ്റ് വഴി അറിയാൻ കഴിഞ്ഞത്. ഇതൊക്കെ മുമ്പേ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പോലും ഇത്തരം ചികിത്സകരുടെ  ഒരു പരീക്ഷണ വസ്തു ആയിപ്പോയെനെ.


ഇതെഴുതാൻ കാര്യം എനിക്ക് കൃത്യസമയത്ത് തന്നെ ആധുനിക ചികിത്സ ലഭ്യമായതിനാലാണ് എന്റെ  ആരോഗ്യം ഇത്ര പെട്ടെന്ന് മെച്ചപ്പെട്ടത്.  കോവിഡ് 19 എന്നത് കൃത്യസമയത്ത് തന്നെ ചികിത്സ തേടേണ്ട ഒരു രോഗമാണ്. നാം അലംഭാവം കാണിച്ചാൽ നാം മറ്റുള്ളവർക്ക് കൂടി രോഗം പകരുന്നതിന് കാരണക്കാരാകും. എല്ലാവരും ജാഗ്രത പാലിക്കുക. 
ഒരിക്കൽ കൂടി എന്നെ ചികിത്സിച്ചവർക്ക് ആയിരം നന്ദി. മറ്റ് രോഗബാധിതർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ രോഗം പിടിച്ചുകെട്ടാൻ നമുക്ക് സർക്കാരിന്റെ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ അനുസരിക്കാം...ജയ്ഹിന്ദ്.


 

Latest News