ആരോഗ്യ പ്രവർത്തകർക്കായി  പഴക്കിറ്റുകൾ ഒരുങ്ങുന്നു

എറണാകുളം ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പഴക്കിറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി വി.എസ്. സുനിൽ കുമാർ വാർത്താസമ്മേളനത്തിൽ. 

കൊച്ചി - കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് പോഷക സമൃദ്ധമായ പഴക്കിറ്റുകൾ ഒരുക്കുകയാണ് കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പ്. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കർഷകരിൽനിന്ന് വിതരണത്തിനാവശ്യമായ പഴങ്ങൾ ഹോർട്ടികോർപ്പ് സംഭരിക്കും. 
നിലവിലെ പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പഴക്കിറ്റുകൾക്കാവശ്യമായ തുക സംഭാവനയായി നൽകും. മരട് പച്ചക്കറി മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളാണ് പഴക്കിറ്റുകൾ തയ്യാറാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ  എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. 7000 പഴക്കിറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി തയ്യാറാക്കുന്നത്. 

 

മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. സുഹാസ്, ഹോർട്ടികോർപ്പ് എംഡി ജെ. സജീവ്, അസി. സിറ്റി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലി, എസ്പി കെ. കാർത്തിക്, അസി. കലക്ടർ എം. എസ് മാധവിക്കുട്ടി  പങ്കെടുത്തു.

Latest News