കോയമ്പത്തൂരിൽ കോവിഡ് വർധിക്കുന്നു; അതിർത്തിയിൽ കർശന നിയന്ത്രണം

പാലക്കാട് - കോയമ്പത്തൂരിൽ കോവിഡ് 19 രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കുന്നതിന് കേരളം നടപടികൾ തുടങ്ങി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ നേരിടാൻ പോകുന്ന സംസ്ഥാനങ്ങളിലൊന്ന് തമിഴ്‌നാട് ആയിരിക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ആ സംസ്ഥാനവുമായി ഏറ്റവുമധികം സമ്പർക്കം പുലർത്തുന്ന ജില്ല എന്ന നിലയിൽ പാലക്കാട്ട് നടപടികൾ ശക്തമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 
ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും പാലക്കാട്ട് നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് ജില്ലകളുടെ പട്ടികയിൽ പാലക്കാട് ഇല്ലെങ്കിലും തമിഴകത്തെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാത്രമേ ഇവിടെ ലോക് ഡൗണിൽ ഇളവുകൾ അനുവദിക്കുകയുള്ളൂ. 
നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാവുന്ന എല്ലാ ഊടുവഴികളും കണ്ടെത്തി അടക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. അട്ടപ്പാടിയിലെ ആനക്കട്ടി ഉൾപ്പെടെ ജില്ലയിൽ ഒമ്പത് ചെക്‌പോസ്റ്റുകളാണ് ഉള്ളത്. അതിന്റെ പല മടങ്ങ് ഊടുവഴികളും നിലവിലുണ്ട്. 


വിശാലമായ പാലക്കാടൻ ചുരത്തിൽ ഇരു സംസ്ഥാനങ്ങളിലേക്കും കവാടമുള്ള നിരവധി സ്വകാര്യഭൂമികൾ ഉണ്ട്. നികുതി വെട്ടിപ്പിനും സ്പിരിറ്റ് ഉൾപ്പെെടെയുള്ള സാധനങ്ങൾ കടത്തുന്നതിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വഴികളെല്ലാം കണ്ടെത്തി അടച്ചു പൂട്ടിയാൽ ചെക്‌പോസ്റ്റുകളിലൂടെ മാത്രമേ ഗതാഗതം സാധ്യമാവൂ. 
ചരക്കുഗതാഗതത്തിന് തടസ്സമില്ലാതെ മുന്നോട്ടു പോകാൻ ഇരുസംസ്ഥാനങ്ങളും തമ്മിൽ നേരത്തേ തന്നെ ധാരണയിലെത്തിയതാണ്. ഇതുവരെ ഗതാഗതത്തിന് തമിഴ്‌നാടാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ കേരളമാവും അതിന് കൂടുതൽ ശ്രദ്ധിക്കുക എന്ന് ചുരുക്കം. കോയമ്പത്തൂർ, തിരുപ്പൂർ, പൊള്ളാച്ചി എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് വരുംദിവസങ്ങളിൽ കേരളത്തിലേക്ക് മലയാളികളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. അവരെയെല്ലാം സ്വീകരിക്കുക എന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാവും.  


അയൽ സംസ്ഥാനത്ത് നിന്ന് അട്ടപ്പാടിയിലേക്കുള്ള ആളൊഴുക്ക് തടയലും ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ള സങ്കീർണ പ്രശ്‌നമാണ്. ലോക്ഡൗൺ നിലവിൽ വന്നതോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആരോഗ്യപ്രവർത്തകരെ പോലും അവിടേക്ക് കടത്തി വിടുന്നില്ല. അട്ടപ്പാടിയിൽ അവിടെ നിന്നുള്ള സന്നദ്ധസേവകർ മാത്രം മതിയെന്ന നിലപാടിലാണ് അധികൃതർ. എന്നാൽ കോയമ്പത്തൂരുമായി അടുത്ത ബന്ധം പുലർത്തുന്ന കിഴക്കൻ അട്ടപ്പാടിയിലേക്ക് അതിർത്തി കടന്ന് ആളുകളെത്തുന്നത് തടയാൻ കൂടുതൽ കർശനമായ നടപടികൾ വേണ്ടി വരും. കാട്ടിലൂടെയുള്ള നടപ്പാതകളെല്ലാം അടച്ചുപൂട്ടുക എന്നത് എളുപ്പമല്ല. 
ആനക്കട്ടി, മട്ടത്ത്കാട് ഭാഗങ്ങളിൽ പരിശോധന കർശനമാക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം പരിശോധകരുടെ കണ്ണ് വെട്ടിച്ച് മേട്ടുപ്പാളയത്ത് നിന്ന് അട്ടപ്പാടിയിലേക്ക് കടന്ന മൂന്നു പേർ ഭൂതിവഴിയിലെ കൊറോണ സെല്ലിൽ നിരീക്ഷണത്തിലാണ്. മേട്ടുപ്പാളയത്ത് അമ്പതോളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News