Sorry, you need to enable JavaScript to visit this website.

സൗദിയിൽ 24 മണിക്കൂർ കർഫ്യൂവിനു കാരണം നിയന്ത്രണങ്ങൾ പാലിക്കാത്തത്  

  • തീരുമാനം സമൂഹ താൽപര്യം കണക്കിലെടുത്ത്

റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് സർക്കാർ ബാധകമാക്കിയ നിയന്ത്രണങ്ങളും മുൻകരുതലുകളും ആളുകൾ പാലിക്കാത്തതാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലും ഏതാനും ഗവർണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ നടപ്പാക്കുന്നതിന് നിർബന്ധിതമാക്കിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. സമൂഹ താൽപര്യം കണക്കിലെടുത്താണിത്. മറ്റു ചില രാജ്യങ്ങളിൽ പടർന്നുപിടിച്ചതു പോലെ കൊറോണ വ്യാപനം സൗദിയിൽ നിയന്ത്രണാതീതമായി മാറാതിരിക്കാനാണ് 24 മണിക്കൂർ കർഫ്യൂ ബാധകമാക്കിയത്. 
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 50 ശതമാനം ആളുകൾ മാത്രമാണ് മുൻകരുതലുകൾ പാലിച്ച് വീടുകളിൽ ഇരിക്കുകയും സഞ്ചാരങ്ങൾ കുറക്കുകയും ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. ശക്തമായ നിയന്ത്രണങ്ങളും മുൻകരുതലുകളും ബാധകമാക്കിയിട്ടും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ സൗദിയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഇക്കൂട്ടത്തിൽ വിരലിലെണ്ണാവുന്നവർ ഒഴികെ അവശേഷിക്കുന്നവർക്കെല്ലാം നേരത്തെ രോഗം ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടതിലൂടെയാണ് രോഗം പടർന്നുപിടിച്ചത്. ഇതാണ് രോഗവ്യാപനം പരമാവധി കുറക്കുന്നതിന് പ്രധാന നഗരങ്ങളിൽ അടക്കം 24 മണിക്കൂർ കർഫ്യൂ ബാധകമാക്കുന്നതിന് അധികൃതരെ പ്രേരിപ്പിച്ചത്. 


ലോകത്താകമാനം നിലവിലെ സാഹചര്യം തുടരുന്ന പക്ഷം ഇത്തവണ ഹജുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് സൂചന നൽകി. സൗദി നിവാസികളുടെ മാത്രമല്ല, ലോക മുസ്‌ലികളുടെയും ആരോഗ്യ സുരക്ഷയും ജീവനും സൗദി അറേബ്യക്ക് പ്രധാനമാണ്. കൊറോണ വ്യാപനം ശക്തമായി തുടരുന്ന പക്ഷം ഹജ് ഉണ്ടാകില്ല. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനമെടുക്കാനായിട്ടില്ലെന്നും സമയമാകുമ്പോൾ സ്ഥിതിഗതികളെല്ലാം വിലയിരുത്തി അനുയോജ്യമായ തീരുമാനമെടുക്കുമെന്നും ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു. 
കൊറോണ വ്യാപനം തടയുന്നതിന് റിയാദ്, തബൂക്ക്, ദമാം, ദഹ്‌റാൻ, ഹുഫൂഫ് നഗരങ്ങളിലും ജിദ്ദ, തായിഫ്, ഖത്തീഫ്, അൽകോബാർ ഗവർണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ ബാധകമാക്കിയിട്ടുണ്ട്. പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇത് നിലവിലുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുറത്തു നിന്നുള്ളവർ ഈ നഗരങ്ങളിലും ഗവർണറേറ്റുകളിലും പ്രവേശിക്കുന്നതും ഇവിടെ നിന്നുള്ളവർ പുറത്തു പോകുന്നതിനുമുള്ള വിലക്ക് തുടരുകയും ചെയ്യും. സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുള്ള മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതിന് ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അഞ്ചു നഗരങ്ങളിലും നാലു ഗവർണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ നടപ്പാക്കാൻ തീരുമാനിച്ചത്. 


കർഫ്യൂവിൽ നിന്ന് നേരത്തെ തന്നെ ഇളവ് നൽകിയ സ്വകാര്യ, സർക്കാർ മേഖലാ ജീവനക്കാരെ പുതിയ നിരോധാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂർ കർഫ്യൂ ബാധകമാക്കിയ പ്രദേശങ്ങളിലെ നിവാസികളെ ആരോഗ്യ പരിചരണങ്ങൾക്കും നിത്യോപയോഗ വസ്തുക്കൾ വാങ്ങുന്നതിനും മറ്റു അത്യാവശ്യങ്ങൾക്കും ചുരുങ്ങിയ പരിധിയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് അനുവദിക്കും. രാവിലെ ആറു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതിനു മാത്രമാണ് ഈ പ്രദേശങ്ങളിലുള്ളവർക്ക് അനുമതിയുള്ളത്. സമ്പർക്കം പരമാവധി കുറക്കുന്നതിന് അതത് ഡിസ്ട്രിക്ടുകൾക്കുള്ളിൽ കാറുകൾക്കുള്ളിൽ സഞ്ചരിക്കാവുന്നവരുടെ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ഡ്രൈവർക്കു പുറമെ ഒരാളെ മാത്രമേ കാറിൽ അനുവദിക്കുകയുള്ളൂ. 
മെഡിക്കൽ സ്ഥാപനങ്ങൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, പെട്രോൾ ബങ്കുകൾ, ഗ്യാസ് കടകൾ, ബാങ്കിംഗ് സേവനങ്ങൾ, മെയിന്റനൻസ്-ഓപറേഷൻ ജോലികൾ, പ്ലംബിംഗ്-എയർകണ്ടീഷനിംഗ്-ഇലക്ട്രിക്കൽ ടെക്‌നിഷ്യന്മാർ (വർക്ക്‌ഷോപ്പുകൾ), ജല സേവനങ്ങൾ, മലിനജല ടാങ്കറുകൾ എന്നിവ ഒഴികെ മറ്റൊരു സ്ഥാപനങ്ങളെയും 24 മണിക്കൂർ കർഫ്യൂ ബാധകമാക്കിയ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. 


അത്യാവശ്യ കാര്യങ്ങൾക്ക് മുതിർന്നവർ മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളൂ. രോഗവ്യാപനത്തിന് ഇടയാക്കുന്ന കാരണങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും കുട്ടികളെ അകറ്റിനിർത്തണം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിരോധാജ്ഞയിൽ നിന്ന് ഒഴിവാക്കിയ മറ്റു ഉൽപന്നങ്ങളും സേവനങ്ങളും വീടുകളിൽ എത്തിക്കുന്നതിന് ആപ് വഴിയുള്ള ഡെലിവറി സേവനങ്ങൾ എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണം. വ്യക്തിപരമായ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ എല്ലാവരും ഉൾക്കൊണ്ട് നിർദേശങ്ങളും നിയന്ത്രണങ്ങളും ഐസൊലേഷൻ നടപടികളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

 

Latest News