Sorry, you need to enable JavaScript to visit this website.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും  ആളുകൾ പുറത്തിറങ്ങുന്നു; നിരുത്തരവാദപരമായ പ്രവൃത്തികൾ ഗുരുതര ഭവിഷ്യത്തുണ്ടാക്കും 

റിയാദ് - കർഫ്യൂ നിലവിലില്ലാത്ത സമയത്ത് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും ആളുകൾ പുറത്തിറങ്ങുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി. ചിലർ ഇസ്തിറാഹകൾ ബാർബർ ഷോപ്പുകളാക്കി മാറ്റുന്നു. ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവൃത്തികൾ രാജ്യത്ത് രോഗവ്യാപന ഭീഷണി വർധിപ്പിക്കും. രോഗവ്യാപനം തടയുന്നതിനാണ് മുൻകരുതലുകൾ ബാധകമാക്കിയത്. വീടുകളിൽ ഇരിക്കാനുള്ള നിർദേശം ആളുകൾ പാലിക്കാതിരിക്കുക വഴി മുൻകരുതലുകൾക്ക് വിലയില്ലാതായി മാറും.
വിദേശ തൊഴിലാളികൾ കൂട്ടത്തോടെ കഴിയുകയും വ്യക്തിപരമായ വസ്തുക്കൾ പങ്കുവെക്കുകയും ചെയ്യുന്ന ക്യാമ്പുകളും താമസ സ്ഥലങ്ങളും രോഗവ്യാപനത്തിന് വളക്കൂറുള്ള സാഹചര്യമാണ്. കൊറോണ വൈറസിനെ കുറിച്ച വ്യത്യസ്ത ഭാഷകളിൽ തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിനും രോഗവ്യാപനത്തിൽ നിന്ന് തൊഴിലാളികളെയും മറ്റുള്ളവരെയും കാത്തുരക്ഷിക്കുന്നതിന് താമസസ്ഥലങ്ങളിൽ അനുയോജ്യമായ നടപടികൾ ബാധകമാക്കുന്നതിന് കമ്പനിയുടമകളെ പ്രേരിപ്പിക്കുന്നതിനും ആരോഗ്യ മന്ത്രാലയം ശ്രമിച്ചുവരികയാണ്.


ജനസംഖ്യക്ക് അനുപാതികമായി മുന്തിയ ആരോഗ്യ സേവനങ്ങളുള്ള മികച്ച രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. രാജ്യത്തെ ആശുപത്രികളിൽ 80,000 കിടക്കകളും 8000 തീവ്രപരിചരണ കിടക്കകളുമുണ്ട്. ഐസൊലേഷന് രണ്ടായിരത്തിലേറെ കിടക്കകൾ നീക്കിവെച്ചിട്ടുണ്ട്. സൗദിയിൽ 8000 ലേറെ വെന്റിലേറ്ററുകളുമുണ്ട്. 
ചില രാജ്യങ്ങളിൽ അതിവേഗത്തിലാണ് കൊറോണ വ്യാപിച്ചത്. ആ രാജ്യങ്ങൾക്ക് അത് താങ്ങാൻ കഴിഞ്ഞിട്ടില്ല. നിയന്ത്രണങ്ങളും മുൻകരുതലുകളും ബാധകമാക്കുന്നതിൽ വീഴ്ചകൾ വരുത്തിയതാണ് ആ രാജ്യങ്ങൾക്ക് വിനയായി മാറിയത്.  


സൗദിയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് രണ്ടിനാണ്. എന്നാൽ ലോക രാജ്യങ്ങളിൽ ജനുവരി മുതൽ രോഗം പടർന്നുപിടിച്ചിട്ടുണ്ട്. സൗദിയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പു തന്നെ രാജ്യത്ത് കൊറോണ വൈറസ് എത്തുന്നത് തടയുന്നതിന് ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടന അടക്കമുള്ള വിദേശ ഏജൻസികൾ സൗദി അറേബ്യ സ്വീകരിച്ച ചുവടുവെപ്പുകളെ പല തവണ പ്രശംസിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ഈ രാജ്യത്ത് കഴിയുന്ന എല്ലാവർക്കുമുള്ളതാണെന്ന വ്യക്തമായ സന്ദേശം വ്യക്തമാക്കി. വിദേശികൾക്കും നിയമ ലംഘകർക്കും സൗജന്യ ആരോഗ്യ സേവനങ്ങൾ നൽകുന്ന സൗദി അറേബ്യയുടെ മാതൃക പിൻപറ്റണമെന്നും ലോക രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.

 

Latest News