കൊറോണയെ തുരത്താന്‍ ദീപം തെളിയിച്ചിട്ട് കാര്യമില്ല; മര്‍ക്കസിനെ വിമര്‍ശിക്കുന്നവര്‍ പാത്രം കൊട്ടാന്‍ റോഡിലിറങ്ങിയവരെന്ന് ഉദ്ധവ് താക്കറെ

മുംബൈ- കൊറോണ വൈറസിനെതിരായ പോരാട്ടം വിജയിക്കാന്‍ കൈയ്യടിച്ചിട്ടോ ദീപം തെളിയിച്ചിട്ടോ കാര്യമില്ലെന്ന് ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഉദ്ധവ് താക്കറെ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആരോപിച്ചു. ആളുകളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ടെന്ന് മോഡി കൃത്യമായി പറയണം. അല്ലാത്തപക്ഷം ആളുകള്‍ നിയമം ലംഘിക്കുന്നതിന് ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് തബ്‌ലീഗ് സമ്മേളനം മാത്രമല്ല നിയമം ലംഘിച്ച് നടത്തിയിട്ടുള്ളത്.സമ്മേളനത്തെ വിമര്‍ശിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കുന്നവരാണോ? ഐക്യദീപം തെളിയിക്കാനും പാത്രം കൊട്ടാനും ആളുകള്‍ സാമൂഹിക അകലം ലംഘിച്ചല്ലേ പുറത്തിറങ്ങിയതെന്ന് സാമ്‌നയിലൂടെ ഉദ്ധവ് താക്കറെ ചോദിക്കുന്നു. വാര്‍ധാ ബിജെപി എംഎല്‍എ ദദാരാവു കെച്ചെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം 200 പേരെ ഒരുമിച്ച് കൂട്ടി ലോക്ക്ഡൗണിനിടെ ജന്മദിനം ആഘോഷിച്ചതിനെയും ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.
 

Latest News