Sorry, you need to enable JavaScript to visit this website.
Tuesday , May   26, 2020
Tuesday , May   26, 2020

എന്നും പൂത്തുലയുന്ന പാട്ടിന്റെ ചെമ്പകപ്പൂക്കൾ

മലയാളത്തിലെ ഏറ്റവും സുന്ദരമായ ഗസൽ ഏതെന്ന് ചോദിച്ചാൽ 'ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങി' എന്നായിരിക്കും സംഗീതാസ്വാദകരിൽ പലരും നൽകുന്ന മറുപടി. ഹിന്ദുസ്ഥാനിയുടെ രാഗപരാഗങ്ങൾ ഹൃദയത്തിലേറ്റു വാങ്ങിയ കൊച്ചിയുടെ മണ്ണിൽ ജനിച്ചു വളർന്നിട്ടും ഗസലിനെക്കുറിച്ചോ ഗസൽ ഗായകരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതിരുന്ന എം.കെ അർജുനൻ കാത്തിരുന്ന നിമിഷം എന്ന സിനിമയുടെ നിർമാതാവിന്റെ ആവശ്യത്തിന് വഴങ്ങി മണിക്കൂറുകൾ കൊണ്ട് സൃഷ്ടിച്ചതാണ്  ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി എന്ന മലയാളികൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ ഗസൽ.  
അർജുനൻ മാഷ് പോലും വിചാരിക്കാതിരുന്ന പ്രശസ്തിയാണ് ചെമ്പകത്തൈകൾക്ക് പിൽക്കാലത്ത് ലഭിച്ചത്. നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ചെമ്പകത്തൈകളുടെ സൗരഭ്യം നാൾക്കു നാൾ കൂടിയിട്ടേയുള്ളൂ. പ്രണയവും വിരഹവും ഭക്തിയും വിഭക്തിയുമൊക്കെ ഇന്ദ്രജാലം പോലെ പാട്ടുകളിൽ ആവാഹിച്ച ഈ സംഗീത മാന്ത്രികൻ കാലയവനികയിൽ മറയുകയാണെങ്കിലും കാലാതിവർത്തിയായ സൃഷ്ടികളിലൂടെ അർജുനൻ മാഷ് എന്നേ അമരത്വം നേടിക്കഴിഞ്ഞു.
മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടും എന്ന കറുത്ത പൗർണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അർജുനൻ മാഷിന്റെ സംഗീത യാത്രയിൽ പിന്നീട് താങ്ങും തണലുമായത് ശ്രീകുമാരൻ തമ്പിയാണ്.  ശ്രീകുമാരൻ തമ്പിയും ദേവരാജൻ മാസ്റ്ററുമായുള്ള പിണക്കത്തിലൂടെയായിരുന്നു എം.കെ. അർജുനൻ  ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിന്റെ പിറവി. ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റായിരുന്ന എം.കെ. അർജുനന്റെ ആദ്യ ഗാനം സ്റ്റുഡിയോയിൽ കേട്ട മാത്രയിൽ സംഗീത യാത്രയിൽ തന്റെ പങ്കാളിയായി അർജുനനെ തമ്പി മനസ്സിലുറപ്പിച്ചു.  
'റെസ്റ്റ് ഹൗസ്' എന്ന സിനിമക്കു വേണ്ടി ഈ കൂട്ടുകെട്ടിന്റെ ആദ്യ ഗാനങ്ങൾ പിറന്നു. പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, പാടാത്ത വീണയും പാടും, യമുനേ പ്രേമയമുനേ, മുത്തിലും മുത്തായ മണിമുത്ത്... ആദ്യ ഗാനങ്ങൾ തന്നെ ഒന്നിനൊന്ന് സൂപ്പർ ഹിറ്റായതോടെ ഈ കൂട്ടുകെട്ടിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
ചെമ്പകത്തൈകൾ എഴുതിയ ശ്രീകുമാരൻ തമ്പിക്ക് വേണ്ടിയാണ് അർജുനൻ മാസ്റ്റർ ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയത്, 240 ഗാനങ്ങൾ. യമുനേ യദുകുല രതിദേവനെവിടെ, നീലക്കുട നിവർത്തി മാനം, പൗർണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു, സിന്ദൂര പൊട്ടു തൊട്ട് ശൃംഗാര, പാടാത്ത വീണയും പാടും, നിൻ മണിയറയിലെ, നീലനിശീഥിനി, മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി, നാലു കാലുള്ളോരു നങ്ങേലി, സുഖമൊരു ബിന്ദു, കുയിലിന്റെ മണിനാദം കേട്ടു,  നന്ത്യാർവട്ടപൂ ചിരിച്ചു, മല്ലികപ്പൂവിൻ മധുര ഗന്ധം, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ശിൽപികൾ നമ്മൾ, പൂവിനു കോപം വന്നാൽ, തിരുവോണപ്പുലരിതൻ തിരുമുൽകാഴ്ച വാങ്ങാൻ, തേടിത്തേടി ഞാനലഞ്ഞു, ചെട്ടിക്കുളങ്ങര ഭരണി നാളിൽ, രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി, ആയിരം അജന്താ ശിൽപങ്ങളിൽ, ചാലക്കമ്പോളത്തിൽ വെച്ച്, മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു -ഇങ്ങനെ നീളുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ജനപ്രിയ ഗാനങ്ങളുടെ നിര.
തുടക്കത്തിൽ അർജുനനെ അംഗീകരിക്കാൻ സിനിമാ ലോകം വിമുഖത കാണിച്ചിരുന്നു. ദേവരാജൻ മാസ്റ്ററുടെ പാട്ടുകളാണ് അർജുനന്റെ പേരിൽ ഇറങ്ങുന്നതെന്നായിരുന്നു പ്രചാരണം. ഇത് ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ സാധ്യതകൾ ഇല്ലാതാക്കി. സംഗീതം ചെയ്യാൻ വിളിച്ചവരിൽ നിന്ന് തന്നെ ഇതിന്റെ പേരിൽ അപമാനം നേരിടേണ്ടിവന്നു. ശ്രീകുമാരൻ തമ്പിയാണ് ഈ പ്രചാരണത്തിന്റെ കെട്ട് പൊട്ടിച്ച് അർജുനനെ പാട്ടിലെ വില്ലാളി വീരനാക്കിയത്. ജീവിതാവസാനം വരെ ശ്രീകുമാരൻ തമ്പിയോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അർജുനൻ മാഷ്് മറച്ചുപിടിച്ചില്ല.

50 വർഷത്തിലധികം നീണ്ട സംഗീത ജീവിതത്തിൽ 153 സിനിമകൾ. 654 പാട്ടുകൾ 1968 ൽ പുറത്തിറങ്ങിയ 'കറുത്ത പൗർണമി' എന്ന ചിത്രത്തിൽ തുടങ്ങി 250 ഓളം ചിത്രങ്ങളിലായി 550 ഓളം പാട്ടുകൾക്ക് ഈണം പകർന്ന അർജുനൻ മാസ്റ്റർക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്   82 ാം വയസ്സിൽ മാത്രമാണ്.  വാർധക്യ സഹജമായ അസ്വസ്ഥതകൾക്കിടയിലും ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ലഭിച്ച സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ അതു വരെയുണ്ടായിരുന്ന മോഹഭംഗം കണ്ണുനീരായി നിറഞ്ഞൊഴുകി.  
മലയാള സിനിമാ സംഗീത ശാഖയിൽ എക്കാലത്തെയും മികച്ച മെലഡികൾ സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന് നേരിടേണ്ടി വന്ന അവഗണനയുടെ നേർസാക്ഷ്യമായിരുന്നു 82 ാം വയസ്സിൽ ലഭിച്ച ആദ്യ സംസ്ഥാന അവാർഡ്. അർജുനൻ മാസ്റ്ററെ അദ്ദേഹം മികച്ച ഗാനങ്ങൾ ഒരുക്കിയിരുന്ന കാലത്ത് മലയാളികൾ വേണ്ടത്ര അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തിരുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാർഥ്യം. തങ്ങൾ മൂളി നടക്കുന്ന പാട്ടുകൾ അർജുനൻ മാസ്റ്ററുടേതാണെന്ന് ഏറെ പേരും അറിഞ്ഞിരുന്നില്ല. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല, ക്ലാസിക്കൽ വരേണ്യതയുടെ പാരമ്പര്യവും അദ്ദേഹത്തിനില്ല. വെട്ടിപ്പിടിക്കലിലോ തള്ളിക്കയറ്റങ്ങളിലോ അദ്ദേഹത്തിന് താൽപര്യമുണ്ടായില്ല. അതുകൊണ്ടൊക്കെയാകണം ബാബുരാജിനെ പോലെ, ദക്ഷിണാമൂർത്തിയെ പോലെ, രാഘവൻ മാസ്റ്ററെ പോലെ ഈ മനുഷ്യനെ മുൻനിരയിലിരുത്താൻ നമ്മുടെ സിനിമാ ലോകവും ആസ്വാദക ലോകവും തയാറായിരുന്നില്ല. അർജുനൻ മാസ്റ്റർ മനോഹരമായ പല മെലഡികളും ഒരുക്കിയത് പ്രേംനസീറിന്റെ കൊമേഴ്‌സ്യൽ ചിത്രങ്ങൾക്കു വേണ്ടിയായിരുന്നു. മെലഡിയുടെ ഭാവപൂർണിമയുള്ള ഈ ഗാനങ്ങൾ പലതും സിനിമാ രംഗങ്ങളിൽ കാണുക ഇന്നും അരോചകമാണ്. അത്ര മോശം ട്രീറ്റ്‌മെന്റാണ് ഈ ഗാനരംഗങ്ങളിലുള്ളത്. 
ഒരു പക്ഷേ മലയാളത്തിലെ മികച്ച സംവിധായകരുടെ സിനിമകളിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ അർജുനൻ മാസ്റ്റർക്ക് മലയാള സിനിമാ സംഗീതത്തിൽ മുൻനിരയിൽ തന്നെ ഇരിപ്പിടം ലഭിക്കുമായിരുന്നു. പദവിയിലും അംഗീകാരങ്ങളിലും വിശ്വസിക്കാത്ത അർജുനൻ മാസ്റ്റർ താൻ സൃ്ഷ്ടിച്ച ഗാനങ്ങളിലൂടെ അനശ്വരനായി. മലയാളി ഉള്ള കാലത്തോളം അർജുനൻ മാസ്റ്റർ എന്ന പേരും അദ്ദേഹം സൃഷ്ടിച്ച ഈണങ്ങളും ചെമ്പകപ്പൂവിന്റെ സുഗന്ധവുമായി മനസ്സുകളിൽ പൂത്തുലഞ്ഞു നിൽക്കും.
 

Latest News