കളി പോലീസിനോട് വേണ്ട,ഡ്രോണ്‍ പറത്തിയും പിടിക്കും

കാസര്‍കോട്- തീവ്ര ബാധിത മേഖലകളിലെ ഇരട്ടപ്പൂട്ടുകള്‍ തുറക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് പോലീസ്. മുട്ടയും ചിക്കനും പച്ചക്കറിയും വാങ്ങാന്‍ എന്ന വ്യാജേന ഇടയ്ക്കിടെ ബൈക്കിലും കാറിലും ചെത്തുന്ന പതിവ് ഇനി വേണ്ട. അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഡ്രോണ്‍ പറത്തിയും പിടിക്കാന്‍ കാസര്‍കോട് പോലീസ് ഒരുങ്ങി കഴിഞ്ഞു.
നിരീക്ഷണത്തിലിരിക്കെ നഗരത്തില്‍ ചുറ്റിക്കളയാമെന്ന മോഹത്തിന്റെവെള്ളം വാങ്ങിവെക്കുന്നതാണ് നല്ലതെന്ന് പോലീസ് പറയും. പോലീസിനെതിരെ പ്രകോപനങ്ങള്‍ എന്ത് തന്നെയുണ്ടായാലും സമൂഹത്തെ ഓര്‍ത്ത് വഴങ്ങേണ്ട എന്നുതന്നെയാണ് നിര്‍ദ്ദേശം. ചുട്ട അടികൊടുക്കുന്നതില്‍നിന്ന് പോലീസ് അല്പം പിറകോട്ട് പോയപ്പോള്‍ കേസിലൊന്നും ഞങ്ങള്‍ക്ക് വലിയ പേടിയില്ലെന്ന മട്ടില്‍സാധനം വാങ്ങാന്‍ എന്നുപറഞ്ഞു ഒരു വിഭാഗം ജില്ലയിലെ നഗരങ്ങളില്‍ അനാവശ്യമായി ചുറ്റിക്കറങ്ങുന്ന എന്ന വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൂട്ട് പൊളിക്കരുത് എന്ന് തീരുമാനിച്ചത്.
കോവിഡ്19 ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയില്‍ പോലീസ് നിയന്ത്രണം കര്‍ശനമാക്കുകയാണ്.കൂടുതല്‍ രോഗികളുള്ള ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, ചെമ്മനാട്, മധൂര്‍, ഉദുമ, പള്ളിക്കര പഞ്ചായത്തു പരിധിയിലും കാസര്‍കോട് നഗരസഭയിലും പ്രദേശങ്ങള്‍ കൊവിഡ് കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെയുള്ളവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. അവശ്യസാധനങ്ങളും മരുന്നും വീടുകളില്‍ പോലീസ് എത്തിച്ചു കൊടുക്കുന്നുണ്ട്. ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട് ഈ മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം ഇന്നലെ രാവിലെ മുതല്‍ആരംഭിച്ചിട്ടുണ്ട്. വീടിന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ജില്ലാ ഭരണകൂടം ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളിലേക്ക് ഗവണ്‍മെന്റ് ക്വാറന്റയിനില്‍ മാറ്റും.

 

Latest News