Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

അല്‍അര്‍ബഈനിയ: ക്വാറന്റൈന്‍ ആദ്യമായി നടപ്പാക്കിയത് ഇബ്‌നുസീന-Video

വിവിധ ശാസ്ത്ര മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ തത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന ഇബ്‌നുസീനയെന്ന അവിസെന്നയായിരുന്നു പകര്‍ച്ച വ്യാധികളെ തടയാന്‍ രോഗികളെ ക്വാറന്റൈന്‍ ചെയ്യണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.

ചില വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്നും അത് തടയാന്‍ രോഗികളെ നാല്‍പത് ദിവസം ക്വാറന്റൈന്‍ ചെയ്യിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്‍അര്‍ബഈനിയ എന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരുന്നത്.

ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, ഗണിതശാസ്ത്രം, മനഃശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അധ്യാപകനുമായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

ആധുനിക വൈദ്യശാസ്ത്രം വികാസം പ്രാപിക്കുന്നതിന് മുമ്പ് തന്നെ ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം വിശദീകരിച്ച് ഇബ്‌നു സീന രോഗികളെ മാനസികാപഗ്രഥനത്തിന് വിധേയരാക്കിയിരുന്നു. പില്‍കാലത്ത് മാനസികാപഗ്രഥനം എന്ന മനഃശാസ്ത്ര ശാഖക്ക് ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് തുടക്കം കുറിച്ചു.

മനുഷ്യ ശരീരത്തിലെ ദഹന വ്യവസ്ഥക്ക് പ്രേരകമാവുന്ന മാനസികഘടകങ്ങളെ കുറിച്ച് അദ്ദേഹം പഠിച്ചു. മനസ്സിന്റെ നിഗൂഢതകളെ കുറിച്ചും അതേ കുറിച്ചുണ്ടായിരുന്ന നിരവധി സംശയങ്ങളെ കുറിച്ചും ഇബ്‌നുസീന പഠനം നടത്തി പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.

ഇസ്ലാമിക മനഃശാസ്ത്രത്തിനും  നാഡീമനഃശാസ്ത്രത്തിനും തുടക്കം കുറിച്ചതു ഇബ്‌നു സീനയായിരുന്നു. വിഭ്രാന്തി, നിദ്രയില്ലായ്മ, മാനിയ, മാനസിക ആഘാതം, മനോവിഷാദം, മതിഭ്രമം, അപസ്മാരം, തളര്‍വാതം, പക്ഷാഘാതം, തലകറക്കം, നടുക്കം തുടങ്ങിയ നാഡീമനഃശാസ്ത്രത്തിലെ വിവിധ അവസ്ഥകളെ കുറിച്ച് അദ്ദേഹം വിവരിച്ചു.

വികാരസംബന്ധിയായ രോഗങ്ങളില്‍ മനഃശാസ്ത്രപരമായ ശരീരശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും മാനസിക നിലക്കനുസരിച്ച് പള്‍സ് നിരക്കിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ചികില്‍സ നിര്‍ദേശിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
ഉസ്ബക്കിസ്ഥാനിലെ ബുഖാറയിലെ ഖുമൈഥാനില്‍ ക്രി. 980 (ഹി. 370)ലാണ് ജനനം. പ്രമുഖ പണ്ഡിതനായിരുന്ന പിതാവ് അബ്ദുല്ല സമാനിയന്‍ ഭരണത്തിന് കീഴിലെ തോട്ടമേഖലയിലെ ഗവര്‍ണറായിരുന്നു. മകന്റെ അസാധാരണ ബുദ്ധിശക്തിയും ഓര്‍മ ശേഷിയിലും മനസ്സിലാക്കിയ പിതാവ് സ്വന്തമായി ഗുരുനാഥന്മാരെ നിയമിച്ചാണ് വിദ്യാഭ്യാസം നല്‍കിയത്. തത്വശാസ്ത്രജ്ഞരുമായും മറ്റു പണ്ഡിതരുമായുമുള്ള പിതാവിന്റെ ചര്‍ച്ചകള്‍ക്ക് സാക്ഷിയായത് കാരണം ഇബ്‌നു സീനക്ക് വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക അഭിനിവേശമുണ്ടാവുകയും വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളും മറ്റും പഠിക്കാന്‍ പ്രോത്സാഹനമാവുകയും ചെയ്തു. ഗുരുനാഥന്മാരെക്കാള്‍ ബുദ്ധിശക്തിയില്‍ മുമ്പന്തിയിലായിരുന്ന അദ്ദേഹത്തിന് പതിനെട്ടാം വയസ്സോടെ അഭ്യസിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലെത്തി. വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്വങ്ങളില്‍ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകള്‍ മനസ്സിലാക്കി അവരെ ശുശ്രൂഷിക്കുകയും അതുവഴി ചികില്‍സയിലെ പുതിയ രീതികള്‍ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരന്‍ എന്ന ഖ്യാതി കരസ്ഥമാക്കി. ഇക്കാലത്താണ് സമാനീ ഭരണാധികാരിയും ബുഖാറാ ചക്രവര്‍ത്തിയുമായിരുന്ന നൂര്‍ ബിന്‍ മന്‍സൂറിനെ ചികിത്സിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടത്. അനവധി ഭിഷഗ്വരന്മാര്‍ ചികിത്സിച്ചിട്ടും ഭേദമാകാത്ത രോഗമായിരുന്നു അദ്ദേഹത്തിന്റെത്. പക്ഷെ, ഇബ്‌നു സീന അതില്‍ വിജയം കണ്ടു. സന്തുഷ്ടനായ രാജാവ് നന്ദിപൂര്‍വം ഇബ്‌നുസീന ആവശ്യപ്പെടുന്ന എന്തും സമ്മാനമായി നല്‍കാന്‍ തയ്യാറായി. പക്ഷെ, അമൂല്യഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികള്‍ നിറഞ്ഞുകിടന്നിരുന്ന കൊട്ടാര ലൈബ്രറിയില്‍ പ്രവേശിക്കാനുള്ള  അനുമതി മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
പിന്നീടങ്ങോട്ട് കുറച്ചുകാലം ഇബ്‌നുസീനക്ക് ദൗര്‍ഭാഗ്യങ്ങളുടെ കാലമായിരുന്നു. 22 ാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. തന്റെ ആശാകേന്ദ്രമായ സമാനീ ഭരണാധികാരി അട്ടിമറിക്കപ്പെടുകയും തുര്‍ക്കിയുടെ ഇതിഹാസമായ മഹ്മൂദ് ഗസ്‌നി തല്‍സ്ഥാനത്തേക്ക് രംഗപ്രവേശം നടത്തുകയും ചെയ്തു. ഇറാനും അഫ്ഗാനിസ്ഥാനുമുള്‍പ്പെടുന്ന നിലക്ക് വിശാലാര്‍ത്ഥത്തില്‍ അദ്ദേഹം തന്റെ ഭരണ പ്രദേശം സംവിധാനിച്ചു. അന്ന് ഡമസ്‌കസ് എന്നാണ് ആ ഭാഗങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇതോടെ ഇബ്‌നു സീന തന്റെ സ്വദേശമായ ബുഖാറയോട് വിടപറഞ്ഞ് ഖുറാസാന്റെ വിവിധ പട്ടണങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ തുടങ്ങി.
മഹ്മൂദ് ഗസ്‌നി വെച്ചു നീട്ടിയ സ്ഥാനമാനങ്ങള്‍ സ്വീകരിക്കാതെ ഉസ്ബക്കിസ്ഥാനിലേക്കാണ് ഇബ്‌നു സീന പോയത്. അവിടെ നിന്ന് ദൈലമിലെയും മധ്യ പേര്‍ഷ്യയിലെയും ഭരണാധികാരിയായ ശംസ് മആലി കാവൂസില്‍ അഭയം പ്രതീക്ഷിച്ചെങ്കിലും വിപ്ലവത്തെ തുടര്‍ന്ന് കാവൂസ് വധിക്കപ്പെടുകയും പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. ഈ സമയത്ത് അസുഖ ബാധിതനായ അദ്ദേഹം കാസ്പിയന്‍ കടല്‍ കടന്ന് ഖൂര്‍ഖാനിലുള്ള തന്റെ സുഹൃത്തിന്റെ അടുത്തെത്തി പ്രമാണ ശാസ്ത്ര (ലോജിക്)ത്തിലും ജ്യോതി ശാസ്ത്രത്തിലും അധ്യാപനം നടത്തി കഴിഞ്ഞുകൂടി. പല കൃതികളും ഇവിടെ വെച്ചാണ് അദ്ദേഹം രചിച്ചത്. പിന്നീട് തഹ്‌റാനിലേക്ക് പോയെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വം കാരണം കൂടുതല്‍ കാലം താമസിക്കാനായില്ല. അങ്ങനെയാണ് ഹമദാനിലേക്ക് പോയത്. അവിടെ അദ്ദേഹത്തെ ശംസുദ്ദൗല ഭരണാധികാരി പ്രധാനമന്ത്രി പദം വരെ നല്‍കി ആദരിച്ചു. പക്ഷേ അവിടെയും അദ്ദേഹത്തിന് സ്വസ്ഥമായി അധിക കാലം നില്‍ക്കാനായില്ല. ഹമദാനിലെയും ഇസ്ഫഹാനിലെയും ഭരണാധികാരികള്‍ തമ്മില്‍ യുദ്ധമുണ്ടാവുകയും ഇബ്‌നു സീന ഇസ്ഫഹാനിലേക്ക് ഒൡച്ചുകടന്ന് അവിടെ അബുജാഫര്‍ അലാഉദൗല രാജാവിന്റെ ഉപദേശകനായി മരണം വരെ തുടരുകയും ചെയ്തു. അലാഉദ്ദൗലയോടൊന്നിച്ച് സമരമുഖത്ത് നിലകൊള്ളവെയാണ് അദ്ദേഹം രോഗബാധിതനായത്. സ്വന്തമായി ചികിത്സിക്കാന്‍ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കിയെങ്കിലും ശമനമുണ്ടായില്ല. 57 ാം വയസ്സില്‍ 1037 (ഹി 428) ല്‍ ഹമദാനില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി.
14 വാള്യങ്ങളിലായി വൈദ്യ ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി രചിച്ച അല്‍ഖാനൂന്‍ ഫിത്തിബ്ബ് എന്ന വിശ്വവിജ്ഞാന കോശത്തിലൂടെ അദ്ദേഹം അജയ്യനും അനശ്വരനുമായി. ഈ ഗ്രന്ഥം പില്‍ക്കാലത്ത് ലാറ്റിന്‍ ഭാഷയിലേക്കും ഹിബ്രു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 18 ാം നൂറ്റാണ്ടുവരെ യൂറോപ്യന്‍, ഇസ്ലാമിക ലോകത്ത് വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അവലംബമായി ഗണിക്കപ്പെട്ടിരുന്ന ഈ ഗ്രന്ഥത്തില്‍ വിവിധ രോഗങ്ങള്‍, അവയുടെ കാരണങ്ങള്‍, പ്രതിരോധരീതികള്‍, ചികിത്സകള്‍, മരുന്നുകള്‍, പാര്‍ശ്വ ഫലങ്ങള്‍, സാംക്രമിക രോഗം ബാധിച്ചവരുമായി പാലിക്കേണ്ട കാര്യങ്ങള്‍, നാഡീ മനോരോഗ ശാസ്ത്രം, സൂക്ഷ്മാണുക്കളുടെ സാന്നിധ്യം തുടങ്ങി ശരീര ശാസ്ത്ര പഠനത്തിന് സഹായകമായ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നു. മനുഷ്യ നേത്രത്തിന്റെ ഘടന ആദ്യമായി ശരിയായി വിശദീകരിച്ചതും തിമിരമുള്‍പ്പെടെയുള്ള നേത്ര വൈകല്യങ്ങളുടെ പ്രതിവിധി നിര്‍ദേശിച്ചതും അദ്ദേഹമാണ്. ചെങ്കണ്ണ് പകര്‍ച്ച വ്യാധിയാണെന്ന് അദ്ദേഹം നിഗമനത്തിലെത്തി. പ്രമേഹത്തിന്റെ സ്വഭാവം, മുഖത്തുണ്ടാവുന്ന രണ്ട് വിധത്തിലുള്ള തളര്‍വാതം, പക്ഷാഘാതം, മസ്തിഷ്‌ക ചര്‍മ വീക്കം, അള്‍സര്‍ എന്നിവയെ കുറിച്ചെല്ലാം അദ്ദേഹം വിശദീകരണങ്ങള്‍ നല്‍കി. ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കുന്നതും സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തുന്നതും അദ്ദേഹമാണ് ആദ്യം പ്രയോഗിച്ചത്. കൊക്കപ്പുഴുവിനെ കണ്ടെത്തിയതും അതിനെ നശിപ്പിക്കാനാവശ്യമായ മരുന്നുകളും അദ്ദേഹം പരിചയപ്പെടുത്തി. പിന്നീട് 900 വര്‍ഷങ്ങള്‍ക്ക് ശേഷം ഇറ്റാലിയന്‍ ഡോക്ടറായ ആഞ്ചിലോ ഡുബിനി അതിന് അന്‍കിലോസ്റ്റോമ എന്നു പേരിട്ട് തന്റെ കണ്ടുപിടുത്തങ്ങളില്‍ ചേര്‍ക്കുകയായിരുന്നു.
നല്ല സംഗീതജ്ഞന്‍ കൂടിയായിരുന്ന ഇബ്‌നുസീന ഹാര്‍മോണിയം ഉപയോഗിക്കാനും പഠിച്ചിരുന്നു. ജവാമിഉ ഇല്‍മില്‍ മൂസീഖീ എന്ന ഗ്രന്ഥവും ഈ വിഷയത്തില്‍ രചിച്ചിട്ടുണ്ട്.
തത്വശാസ്ത്രം, ഗോള ശാസ്ത്രം, തര്‍ക്കശാസ്ത്രം, മനഃശാസ്ത്രം, പ്രമാണ ശാസ്ത്രം തുടങ്ങിയ മേഖലകളിലായി ചെറുതും വലുതുമായി 450 ഓളം ഗ്രന്ഥങ്ങളാണ് ഇബ്‌നുസീനയുടെ പേരിലുള്ളത്. അവയില്‍ 240 എണ്ണം കാലഘട്ടത്തെ അതിജീവിച്ചു നിലനില്‍ക്കുന്നുണ്ട്. 150 എണ്ണം തത്വ ചിന്തയില്‍ കേന്ദ്രീകരിക്കുന്നവയും 40 എണ്ണം വൈദ്യത്തില്‍ കേന്ദ്രീകരിക്കുന്നവയുമാണ്. തത്വശാസ്ത്രത്തിലെ വിജ്ഞാന കോശമായ കിത്താബുല്‍ ഇശാറാത്തി വത്തന്‍ബീഹാത്ത്, വൈദ്യ ശാസ്ത്രത്തിലെ അല്‍ഖാനൂന്‍ എന്നിവയാണ് പ്രമുഖ ഗ്രന്ഥങ്ങള്‍. നിരന്തരമായ യാത്രകളും സേവനനിരതയും ഗ്രന്ഥ രചനയുമൊക്കെയായി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഇബ്‌നുസീനയുടെ ബുദ്ധിയും വൈദഗ്ധ്യവും അപാരമായിരുന്നുവെന്ന് ഇറ്റാലിയന്‍ ചരിത്രകാരനായ കാസ്റ്റ്യാലോന്‍ കുറിച്ചുവെച്ചിട്ടുണ്ട്.

 

Latest News