Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

കല്‍പറ്റ-കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  വയനാട്ടില്‍ അടച്ചിട്ട തോട്ടങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു.  
പാടികളില്‍ താമസിക്കുന്നവരെ  ജോലിചെയ്യാന്‍ അനുവദിച്ചു ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയതോടെയാണ് തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്കിറങ്ങിയത്.

പാടികള്‍ക്കു പുറത്തു താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നതിനു സാഹചര്യമുണ്ടായാല്‍ മാത്രം തോട്ടങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു  തൊഴിലാളികളും ട്രേഡ് യൂണിയന്‍ നേതാക്കളും. നിരോധനാജ്ഞയുടെ ലഘനം ഉണ്ടാകാതെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചും ജോലി ചെയ്യാന്‍ മുഴുവന്‍ തോട്ടം തൊഴിലാളികളെയും അനുവദിക്കുന്ന വിധത്തില്‍ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനു ട്രേഡ് യൂണിയന്‍ നേതൃത്വം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയുമുണ്ടായി. ഇതേത്തുടര്‍ന്നു മുഴുവന്‍ തോട്ടങ്ങളിലും 50 ശതമാനം വീതം തൊഴിലാളികളെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഇതേത്തുടര്‍ന്നാണ് തോട്ടങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.

ഹാരിസണ്‍, പോഡാര്‍, എ.വി.ടി, ചെമ്പ്ര, എല്‍സ്റ്റന്‍, പാരിസണ്‍സ് എന്നിവയാണ് ജില്ലയിലെ പ്രമുഖ സ്വകാര്യ തോട്ടങ്ങള്‍. ജില്ലാ കലക്ടര്‍ ചെയര്‍മാനും സബ്കലക്ടര്‍ മാനേജിംഗ് ഡയറക്ടറുമായ സഹകരണ സംഘത്തിനു കീഴിലുള്ള പഞ്ചാരക്കൊല്ലി  പ്രിയദര്‍ശിനി,  വനം വികസന കോര്‍പറേഷനു കീഴിലുള്ള  കമ്പലമ, ചീയമ്പം, മരിയനാട് എന്നിവയും ജില്ലയിലെ പ്രധാന തോട്ടങ്ങളാണ്.  നിരവധി  ചെറുകിട തോട്ടങ്ങളും ജില്ലയിലുണ്ട്.

ജില്ലയില്‍ തേയില, കാപ്പി, ഏലം തോട്ടങ്ങളിലായി ഏകദേശം ആറായിരം തൊഴിലാളികളാണുള്ളത്. ഇവരില്‍ 70 ശതമാനവും എസ്‌റ്റേറ്റ് പാടികള്‍ക്കു പുറത്താണ് താമസം. പാടികള്‍ വാസയോഗ്യമല്ലാതായ സാഹചര്യത്തിലാണ് തൊഴിലാളി കുടുംബങ്ങളില്‍ അധികവും എസ്‌റ്റേറ്റുകള്‍ക്കു പുറത്തു താമസമാക്കിയത്. പല തോട്ടങ്ങളിലും പാടികളുടെ അറ്റകുറ്റപ്പണി വര്‍ഷങ്ങളായി നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അപ്രായോഗികമാണെന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമൂഹിക അകലം പാലിച്ചു മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി ചെയ്യാന്‍ കഴിയുന്ന സാചര്യമാണ് ജില്ലയിലെ വന്‍കിട തോട്ടങ്ങളിലുള്ളതെന്നു വയനാട് എസ്‌റ്റേറ്റ് മസ്ദൂര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ.മുരളി പറഞ്ഞു. ജില്ലയിലെ വലിയ തേയിലത്തോട്ടങ്ങളിലൊന്നിലും ആവശ്യത്തിനു തൊഴിലാളികള്‍ ഇല്ല. തൊഴിലാളികളില്‍ 50 ശതമാനം മാത്രം ജോലിക്കിറങ്ങിയാല്‍ തോട്ടങ്ങളുടെ പകുതിയോളം ഭാഗത്തു കൊളുന്തുശേഖരരണം ഉള്‍പ്പെടെ പ്രവൃത്തികള്‍ നടക്കില്ല. എന്നിരിക്കെ ആവശ്യത്തിനു തൊഴിലാളികള്‍ ഇല്ലാത്ത തോട്ടങ്ങളില്‍ മുഴുവന്‍ തൊഴിലാളികളും ജോലിക്കിറങ്ങിയാല്‍ത്തന്നെ ലോക്ഡൗണ്‍ നിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനം ഉണ്ടാകില്ലെന്നു മുരളി പറഞ്ഞു.

 

 

Latest News