Sorry, you need to enable JavaScript to visit this website.

ലോകാരോഗ്യ ദിനത്തല്‍ നഴ്‌സുമാരെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് ബാധിതരെ ജീവിതത്തില്‍ തിരികെ എത്തിക്കാന്‍ യത്‌നിക്കുന്ന നഴ്‌സുമാരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഇന്ന് ലോകാരോഗ്യ ദിനമാണ്. ഇത്തവണ ഈ ദിവസം നഴ്‌സുമാരും പ്രസവശുശ്രൂഷകരും നമുക്കു വേണ്ടി നിര്‍വഹിക്കുന്ന നിസ്തുലമായ സേവനത്തെക്കുറിച്ച് ഓര്‍ക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും വേണ്ടി മാറ്റി വയ്ക്കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം നഴ്‌സുമാരുടെ നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണവുമായ സേവനത്തിന്റെ വില അനുഭവിച്ചറിയുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയെ നേരിടാന്‍ സ്വജീവന്‍ പണയം വച്ച് അവര്‍ രാപ്പകല്‍ അധ്വാനിക്കുന്നത് നമ്മള്‍ കാണുന്നു.

കോവിഡ് - 19 ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ  രേഷ്മയെ പോലുള്ളവര്‍. രോഗീപരിചരണത്തിനിടയില്‍ കോവിഡ് പിടിപ്പെട്ട രേഷ്മ, രോഗമുക്തി നേടി ഇറങ്ങുമ്പോള്‍ പറഞ്ഞ വാചകം ഓരോ ആരോഗ്യ പ്രവര്‍ത്തകരേയും ഉത്തേജിപ്പിക്കുന്നതായിരുന്നു. നിപയ്‌ക്കെതിരായ പോരാട്ടത്തിനിടയില്‍ ജീവന്‍ ത്യജിച്ച സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ ഊര്‍ജ്ജമായി കൂടെയുണ്ട്.
അര്‍പ്പണബോധത്തോടെ  നിര്‍ഭയമായി മുന്നോട്ടു പോകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ സമൂഹത്തിനു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും മലയാളി ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനം  അഭിമാനം നല്‍കുന്നതാണ്.

ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് മറ്റുള്ളവരുടെ ആരോഗ്യം ഉറപ്പു വരുത്താന്‍ അധ്വാനിക്കുന്ന നഴ്‌സുമാരെ ഓര്‍ക്കുക മാത്രമല്ല, അവരുടെ തൊഴില്‍ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ട ദിവസം കൂടിയാണിന്ന്.  അവരുടെ ക്ഷേമം നമ്മുടെ കരുതലുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുറപ്പുവരുത്താന്‍ ഈ സമൂഹവും സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്.

 

 

 

 

 

Latest News