Sorry, you need to enable JavaScript to visit this website.

60 ലക്ഷം നഴ്‌സുമാരെ വേണം- ലോകാരോഗ്യ സംഘടന

ജനീവ- കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുമ്പോഴും ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന. -ഏതൊരു ആരോഗ്യ സംവിധാനത്തിന്റെയും നട്ടെല്ലാണ് നഴ്‌സുമാര്‍, കോവിഡ് 19 നെതിരായ യുദ്ധത്തില്‍ മുന്നണിപോരാളികളാണ് അവര്‍. ലോകത്തെ ആരോഗ്യവാന്മാരാക്കി നിര്‍ത്തുന്നതിനായി അവര്‍ക്കും ലോകത്തിന്റെ പിന്തുണ ലഭിക്കേണ്ടതുണ്ട് ' ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയോസിസ് പ്രസ്താവനയില്‍ പറഞ്ഞു.
കണക്കുകള്‍ പ്രകാരം നിലവില്‍ 28 ലക്ഷം നഴ്‌സുമാരാണ് നമുക്കുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി 4.7 ലക്ഷം നഴ്‌സുമാരുടെ വര്‍ധനയുണ്ടായെന്നതു വാസ്തവമാണ്. എന്നാല്‍പ്പോലും ആഗോളതലത്തില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 60 ലക്ഷം പേരുടെ കുറവാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ആകെ ജനസംഖ്യയുടെ 50 ശതമാനം പേരെ മാത്രമാണ് നിലവിലുള്ള നഴ്‌സുമാര്‍ക്ക് പരിചരിക്കാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് നഴ്‌സുമാരുടെ കുറവ് ഏറ്റവംു പ്രകടമാകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്കു കടന്നു വരേണ്ടത് അനിവാര്യമാണ്. നഴ്‌സുമാരുടെ സേവനം കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്.
എല്ലാ രാഷ്ട്രങ്ങളും നഴ്‌സിങ് രംഗത്തും നേഴ്‌സിങ് വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താന്‍ തയ്യാറാവണം. സ്ത്രീകള്‍ ഭൂരിപക്ഷമുളള ഈ മേഖലയിലേക്ക് പുരുഷന്മാരും കടന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Latest News