Sorry, you need to enable JavaScript to visit this website.

നവീകരണം കടലാസില്‍തന്നെ നില്‍ക്കട്ടെ;വലിയമല സ്രാമ്പി കഥാവശേഷമായി

കാറ്റിലും മഴയിലും തകര്‍ന്ന വലിയമല സ്രാമ്പി.
സൗത്ത് വയനാട് വനം ഡിവിഷനിലെ വലിയമല സ്രാമ്പി.

പുല്‍പള്ളി-സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട  വലിയമലയില്‍ പുല്‍പള്ളി-മാനന്തവാടി റോഡരികില്‍ തലയെടുപ്പോടെ നിന്നിരുന്ന സ്രാമ്പി കഥാവശേഷമായി.

1886ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ സുഖവാസത്തിനും വിശ്രമത്തിനും വനം മേല്‍നോട്ടത്തിനുമായി നിര്‍മിച്ച മന്ദിരം തിങ്കഴാഴ്ച രാത്രി കാറ്റിലും മഴയിലും നിലംപൊത്തി. കുറുവ ഇക്കോ ടൂറിസം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 2013ല്‍ ആസൂത്രണം ചെയ്ത നവീകരണ പദ്ധതി ഫയലില്‍ ഉറങ്ങുന്നതിനിടെയാണ് സ്രാമ്പിയുടെ തകര്‍ച്ച.

https://www.malayalamnewsdaily.com/sites/default/files/2020/04/07/srambi2.jpg
രണ്ടു നിലകളിലായി തേക്കിന്‍തടിയും ഓടും ഉപയോഗിച്ചു നിര്‍മിച്ചതാണ് സ്രാമ്പി. ഒന്നാം നിലയിലായിരുന്നു താമസത്തിനു സൗകര്യം.വിശാലമായ മുറികളും വരാന്തയും അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്നതായിരുന്നു മന്ദിരം.

സമാനരീതിയിലുള്ള നിര്‍മിതികള്‍  വയനാട്ടിലെ ബേഗൂര്‍, തോല്‍പ്പെട്ടി, മുത്തങ്ങ എന്നിവിടങ്ങളിലും ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നു. വയനാട്ടിലെ  സ്രാമ്പികളില്‍ എറ്റവും വലുതായിരുന്നു  വലിയമലയിലേത്. കൂറ്റന്‍ മരത്തൂണുകള്‍ക്ക് മുകളിലാണ് സ്രാമ്പികളുടെ മേല്‍ക്കൂരയും അനുബന്ധ നിര്‍മാണങ്ങളും.

19-ാംനൂറ്റാണ്ടിലെ വാസ്തുവിദ്യാമികവും വയനാട്ടിലെ ബ്രിട്ടീഷ് അധിനിവേശ ചരിത്രവും വിളിച്ചറിയിച്ചിരുന്ന സ്രാമ്പിയില്‍ വൈസ്രോയിമാരും പ്രഭുക്കന്മാരും താമസിച്ചിട്ടുണ്ട്.
വൈദേശികഭരണം അവസാനിച്ചതിന് പിന്നാലെ വലിയമല സ്രാമ്പി  ഉപേക്ഷിക്കപ്പെട്ട നിലയിലായി. സംസ്ഥാന രൂപീകരണത്തിനുശേഷം സ്രാമ്പിയുടെ സംരക്ഷണത്തിന് പ്രത്യേക നടപടികള്‍ ഉണ്ടായില്ല.

കാലപ്രയാണത്തില്‍ സ്രാമ്പിയിലെ ഉരുപ്പടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. മന്ദിരത്തിന്റെ വാതിലുകളും മുറികള്‍ തിരിക്കാന്‍ ഉപയോഗിച്ചിരുന്ന പലകകളും ആരൊക്കെയോ കട്ടുകടത്തി. പഴക്കംകൂടിയായപ്പോള്‍ സ്രാമ്പി പേക്കോലമായി. മന്ദിരത്തില്‍  അവശേഷിക്കുന്ന ഉരുപ്പടികളുടെ  മോഷണം തടയുന്നതില്‍  വളരെ വൈകിയാണ് വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്.


കേരള വനം വികസന കോര്‍പറേഷനാണ് പാക്കം സ്രാമ്പി നവീകരണത്തിനു   പദ്ധതി ആസൂത്രണം  ചെയ്തത്. വനം-വന്യജീവി വകുപ്പ് ഇതിനു അംഗീകാരം നല്‍കുകയായിരുന്നു.എന്നാല്‍ വരവും ചെലവും പൊരുത്തപ്പെടില്ലെന്ന  സാധ്യതാപഠനഫലം  ചൂണ്ടിക്കാട്ടി വനം വികസന കോര്‍പറേഷന്‍ നവീകരണ പദ്ധതിയില്‍നിന്നു പിന്‍വാങ്ങി.

വനം-വന്യജീവി വകുപ്പ് നിര്‍മാണത്തിനു അനുവദിച്ച ഫണ്ടും കോര്‍പറേഷന്‍ തിരിച്ചടച്ചു. ഇതോടെ സ്രാമ്പി നവീകരണം വേലിപ്പുറത്തായി. പ്രവൃത്തി നേരിട്ടോ ഇതര ഏജന്‍സികളോ മുഖേന നടത്താന്‍ വനം വകുപ്പ് പിന്നീട് താത്പര്യം കാട്ടിയില്ല.


തകര്‍ന്ന സ്രാമ്പിയുടെ അവശിഷ്ടങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. തെന്നിന്ത്യയിലെ പ്രസിദ്ധ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് സമൂഹത്തിലേക്ക് പാക്കം വലിയമലയില്‍ നിന്ന് ഏകദേശം നാല് കിലോമീറ്ററാണ് ദൂരം

Latest News