കോവിഡ് ബാധിതരില്ലാത്ത മേഘാലയയില്‍ ഏപ്രില്‍ 15 മുതല്‍ ലോക്ഡൗണ്‍ ഇളവ്

ഷില്ലോംഗ്- ദേശവ്യാപക ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 15 മുതല്‍ മേഘാലയയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും സ്വകാര്യ വാഹനങ്ങളെ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക വൃത്തികളും ആരംഭിക്കുമെങ്കിലും സ്‌കൂളുകള്‍ ഏപ്രില്‍ അവസാനം വരെ അടിച്ചിടും.

ഇതുവരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മേഘാലയയാണ് ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ആദ്യ സംസ്ഥാനം. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കേണ്ടതില്ലെന്ന നിലപാടിലാണ് മറ്റു സംസ്ഥാനങ്ങള്‍.

ഏപ്രില്‍ 15 മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകുമെന്നും അതേസമയം, സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും 30 വരെ അടിച്ചിടുമെന്നും കാബിനറ്റ് യോഗത്തിനു ശേഷം നല്‍കിയ പത്രക്കുറിപ്പില്‍ പറയുന്നു.

പാടങ്ങളില്‍ ജോലി ചെയ്യാന്‍ കര്‍ഷകരെ അനുവദിക്കുകയും ആഴ്ച ചന്തകള്‍ പുനരാരംഭിക്കുകയും ചെയ്യും. കോവിഡ് തടയുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടിയിരിക്കും ഇതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗ്രാമങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി(എംഎന്‍ആര്‍ജിഇഎ) പദ്ധതികളും പുനരാരംഭിക്കും. എന്നാല്‍ സ്വകാര്യ വ്യാപാര കേന്ദ്രങ്ങള്‍ തല്‍ക്കാലം തുറക്കില്ല. ദിവസക്കൂലിക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വേതന നഷ്ട ഫണ്ടില്‍നിന്ന് ആഴ്ചയില്‍ 700 രൂപ വീതം അനുവദിക്കും. തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും.

മാര്‍ച്ച് 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 32 കോവിഡ് കേസുകളില്‍ 27 എണ്ണവും അസമിലാണ്.

 

Latest News