Sorry, you need to enable JavaScript to visit this website.

ചായക്കടക്കാരന് കോവിഡ്; ഉദ്ദവ് താക്കറെയുടെ അംഗരക്ഷകര്‍ നിരീക്ഷണത്തില്‍

മുംബൈ- ചായക്കടക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ എല്ലാ അംഗരക്ഷകരേയും കരുതല്‍ നിരീക്ഷണത്തിലാക്കി.

കലാനഗറിലുള്ള താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീക്ക് സമീപത്തെ ചായക്കടക്കാരനാണ് കോവിഡ് ബാധിച്ചത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകരടക്കം 170 പോലീസ്, റിസര്‍വ് പോലീസ് അംഗങ്ങളെയാണ് പരിശോധനക്കായി നിരീക്ഷണത്തിലാക്കിയത്.

പനിയും ചുമയും ശ്വാസതടസ്സവും കാരണമാണ് ചായക്കടക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ലോക്ഡൗണിനു മുമ്പാണ് ഉദ്ദവ് താക്കറെയുടെ സെക്യൂരിറ്റിക്കാര്‍ കടയില്‍ പോയതെങ്കിലും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയും കോവിഡ് രോഗികളെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുഴുവന്‍ പോലീസുകാരേയും പരിശോധിക്കുന്നത്. പ്രദേശം അടച്ച മുംബൈ മുനിസിപ്പാലിറ്റി അണുനശീകരണം
ആരംഭിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഉദ്ദവ് താക്കറേയും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സാമൂഹിക അകലം പാലിച്ചിരുന്നു. പലപ്പോഴും താക്കറെ സ്വന്തമായാണ് വാഹനം ഓടിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റു വാഹനങ്ങളില്‍ അകമ്പടി സേവിക്കുകയും ചെയ്തു.

കലാനഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് താക്കറെയുടെ വസതിയായ മാതോശ്രീ. മഹരാഷ്ട്ര സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായ ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെയും ഇവിടെയാണ് താമസം. ആദിത്യയുടെ സുരക്ഷാ ഭടന്മാര്‍ ചായക്കടയില്‍ പോയിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

മുംബൈ ബാന്ദ്ര ഈസ്റ്റില്‍ ഉത്തര ഭാരതീയ സംഘ് കെട്ടിടത്തിലാണ് 170 സെക്യൂരിറ്റി ഉദ്യോഗസ്ഥരേയും ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഏറ്റവും അടുത്ത സുരക്ഷ നല്‍കിയവരുടെ സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

 

Latest News