നീറ്റിനെതിരെ സുപ്രീം കോടതിയില്‍ പോയ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ- മികച്ച മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ചെന്നൈയില്‍ വിവിധയിടങ്ങളിലായി ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. റോഡുകള്‍ തടഞ്ഞു. മൗണ്ട് റോഡില്‍ വഴിതടഞ്ഞ പ്രതിഷേധക്കാരെ പോലീസ് പിടികൂടി നീക്കം ചെയ്തതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് അടിസ്ഥാനമാക്കി മാത്രമെ മെഡിക്കല്‍ പ്രവേശനം നടത്താവൂ എന്ന സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് അരിയല്ലൂര്‍ ജില്ലക്കാരിയായ അനിതയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പ്ലസ്ടുവില്‍ 1200 മാര്‍ക്കില്‍ 1176 മാര്‍ക്ക് സ്വന്തമാക്കിയ അനിത നീറ്റിനെതിരെ സുപ്രിം കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് എതിരായതിനെ തുടര്‍ന്നാണ് അനിത ആത്മഹത്യ ചെയ്തത്. 

മികച്ച പഠനനിലവാരം പുലര്‍ത്തിയ അനിത മെഡിക്കല്‍ പ്രവേശനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചയിച്ച 200 എന്ന കട്ടോഫ് മാര്‍ക്കില്‍ 196.5 മാര്‍ക്ക് നേടിയിരുന്നു. എന്നാല്‍ നീറ്റില്‍ 86 ശതമാനം മാര്‍ക്കു മാത്രമെ നേടാനായുള്ളു.  സംസ്ഥാന സിലബസില്‍ പഠിച്ചവര്‍ക്ക് നീറ്റ് ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെയാണ് അനിത സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത്.

ഏതു പ്രതിസന്ധിഘട്ടത്തിലും പഠനത്തില്‍ മുന്നേറാന്‍ അനിതയ്ക്കു കഴിഞ്ഞിരുന്നെന്നും നീറ്റിനെ കുറിച്ച്  അവള്‍ക്ക് ആശങ്കകളുണ്ടായിരുന്നെന്നും കൂലിപ്പണിക്കാരനായ അച്ഛന്‍ ടി ഷണ്‍മുഖം പറഞ്ഞു. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള കട്ടോഫ് മാര്‍ക്കില്‍ 200-ല്‍ 199.75 നേടിയ അനിതയ്ക്ക് മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ഉറപ്പായിരുന്നെങ്കിലും ഡോക്ടറാവുക എന്ന മോഹവുമായി നിയമപ്പോരാട്ടത്തിനിറങ്ങിയതായിരുന്നു അനിത. 

അനിതയുടെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരമായ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. അനിതയുടെ മരണത്തില്‍ അനുശോചനവുമായി നടന്മാരായ രജനീകാന്ത്, കമല്‍ ഹാസന്‍ തുടങ്ങി നിരവധി പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്.  

Latest News