Sorry, you need to enable JavaScript to visit this website.
Friday , May   29, 2020
Friday , May   29, 2020

കോവിഡ് ബാധ: മലയാളി കുടുംബം ഐസൊലേഷനിൽ; അടുത്തിടപഴകിയവർ ക്വാറന്റൈൻ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ

റിയാദ്- കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം തിരൂരങ്ങാടി സ്വദേശി സഫ്‌വാന്റെ ഭാര്യയെയും തൊട്ടടുത്ത ഫഌറ്റിലെ കുടുംബങ്ങളെയും ആരോഗ്യ മന്ത്രാലയം ഇടപെട്ട് ഐസൊലേഷനിലാക്കി. നാസിരിയ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലാണ് ഇവർ ഐസൊലേഷനിൽ കഴിയുന്നത്. അതേസമയം സഫ്‌വാന്റെ മയ്യിത്ത് ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ശനിയാഴ്ച രാത്രിയാണ് സഫ്‌വാൻ റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്. മെഡിക്കൽ റിപ്പോർട്ടിലും ഡെത്ത് റിപ്പോർട്ടിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മയ്യിത്തുമായി ബന്ധപ്പെട്ട മറ്റുനടപടികൾ പൂർത്തിയാക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെയാണ് ബന്ധുക്കൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ചവരുടെ ഖബറടക്ക ചുമതലകൾ ആരോഗ്യമന്ത്രാലയത്തിനാണ്. ഖബറടക്കം വൈകുന്നത് കാരണം മയ്യിത്ത് അനന്തരകർമങ്ങൾ ചെയ്യുന്ന സമിതിയുമായി ബന്ധപ്പെട്ടതോടെ ഇവർ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള പ്രത്യേക റിപ്പോർട്ട് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഇേന്ന ലഭിക്കുകയുള്ളൂ. അതിനിടെ ഖബറടക്കം വൈകുന്നതിനെതിരെ സിദ്ദീഖ് ആരോഗ്യമന്ത്രാലയത്തിൽ പരാതി നൽകുകയും ചെയ്തു.

സഫ്‌വാന്റെ ഭാര്യയെയും തൊട്ടടുത്ത് താമസിക്കുന്നവരെയും തിങ്കളാഴ്ച രാത്രിയാണ് കെ.എം.സി.സി പ്രസിഡന്റ് സി.പി മുസ്തഫയുടെ ഇടപെടലിൽ ആശുപത്രിയിലേക്ക് കോവിഡ് പരിശോധനക്ക് കൊണ്ടുപോകാനായത്. ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനം കാത്തുനിൽക്കാതെ മറ്റു സജ്ജീകരണങ്ങളാണ് ഇതിന് ഒരുക്കിയത്. തുടർന്ന് സിദ്ദീഖിന്റെ നേതൃത്വത്തിൽ ആദ്യം ഇവരെ ദീറാബ് റോഡിലെ അൽഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രിയിലെത്തിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലൊന്നാണിത്. ഈ ആശുപത്രിയിൽ നിന്നുള്ള നിർദേശപ്രകാരം അൽഈമാൻ ആശുപത്രിയിൽ കൊണ്ടുപോയി എല്ലാവരെയും കോവിഡ് പരിശോധന നടത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാസിരിയയിലെ ഹോട്ടലിലേക്ക് മാറ്റി. പോലീസ്, എംബസി, ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള രേഖകൾ സഹിതമാണ് കർഫ്യൂ സമയത്ത് ഇവരെ കൊണ്ടുപോയത്. ഇന്നാണ് ഇവരുടെ ശരീര സ്രവ ഫലം പുറത്തുവരിക. ഹോട്ടലിൽ വെച്ച് ഏതാനും ചില പരിശോധനകളും നടത്തിയിട്ടുണ്ട്. ഈ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്‌

അതേസമയം സഫ്‌വാന് കോവിഡ് സ്ഥിരീകരിച്ചത് മുതൽ അദ്ദേഹവുമായി അടുത്തിടപഴകിയ നിരവധി പേർ റിയാദിലെ വിവിധ ആശുപത്രികളിൽ കോവിഡ് പരിശോധനക്ക് വിധേയരായി. ഇതുവരെ നടത്തിയവരുടേതെല്ലാം ഫലം നെഗറ്റീവ് ആണ്. അദ്ദേഹവുമായി അടുത്തിടപഴകിയവരെല്ലാം ആശുപത്രികളിലെത്തി പരിശോധന നടത്തണമെന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ ആവശ്യപ്പെട്ടു. രോഗികളുമായി ഇടപഴകിയവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും എത്രയും പെട്ടെന്ന് 14 ദിവസം ക്വാറന്റൈൻ ചെയ്യണം. വൈറസ് ബാധ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനാണിത്. രോഗബാധ സംശയമുള്ളവരോ രോഗികളുമായി ഒരു മീറ്റർ അകലത്തിൽ അടുത്തിടപഴകിയവരോ പ്രൈമറി ഹെൽത്ത് സെന്ററുകളിലും മറ്റും പോയി സമയം പാഴാക്കരുത്. ആശുപത്രിയിലെത്തിയാൽ രോഗ ലക്ഷണങ്ങൾ മറച്ചുവെക്കുകയുമരുത്. ശക്തമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ സ്‌കോറിംഗ് നടത്തിയാണ് രോഗിയെ ആശുപത്രികളിൽ ടെസ്റ്റിന് വിധേയമാക്കുക. നാലോ അതിന് മുകളിലോ സ്‌കോറിംഗ് ഉള്ളവരെ മാത്രമേ ടെസ്റ്റിന് വിധേയരാക്കുകയുള്ളൂവെന്നതിനാൽ എല്ലാ ലക്ഷണങ്ങളും ആശുപത്രിയിൽ വിശദമാക്കണം. നാലിൽ കുറവായാൽ ടെസ്റ്റ് നടത്താതെ തിരിച്ചയക്കും.

റിയാദിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ചില ആശുപത്രികളിൽ ഇപ്പോൾ കോവിഡ് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. ശുമൈസിയിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റി, കിംഗ് സൽമാൻ ആശുപത്രി, അൽഈമാൻ ആശുപത്രി, ദീറാബ് റോഡിലെ അൽഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രി, കിംഗ് ഫഹദ് മെഡിക്കൽ സിറ്റി, കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി ആശുപത്രി എന്നിവിടങ്ങളിൽ സ്‌ക്രീനിംഗ് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. കോവിഡ് സ്‌ക്രീനിംഗ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും പോകാവുന്നതാണ്. മറ്റു പ്രവിശ്യകളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാണെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.

 

Tags

Latest News