ഏപ്രില്‍ 14 നുശേഷവും ഇന്ത്യയില്‍ ലോക്ഡൗണ്‍ തുടരുമോ?

ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കാന്‍ എട്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഈ മാസം 14-നു ശേഷവും ലോക് ഡൗണ്‍ തുടരുമോ അവസാനിപ്പിക്കുമോ എന്ന കാര്യത്തില്‍ പലവിധ അഭ്യൂഹങ്ങള്‍ പടരുന്നു.

രാജ്യത്തെമ്പാടും കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തീരുമാനം യഥാസമയം അറിയിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് കോവിഡ് മരണം 111 ആകുകയും 4281 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഓരോ മിനിറ്റിലും ആഗോള സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റേയും ജനങ്ങളുടേയും താല്‍പര്യം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഉചിതസമയത്ത് തീരുമാനം പ്രഖ്യാപിക്കും- മന്ത്രി ചോദ്യത്തിനു മറുപടി നല്‍കി.

ദേശവ്യാപക ലോക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബ നിഷേധിച്ചിരുന്നു.

 

Latest News