കൊച്ചി- പേഴ്സണൽ പ്രോട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾക്കും പരിഹാരമായി വിസ്ക് എന്ന ആധുനിക സംവിധാനവുമായി എറണാകുളം ജില്ലാ ഭരണകൂടം. വാക്ക് ഇൻ സാമ്പിൾ കിയോസ്ക് അഥവാ വിസ്ക് എന്ന പുതിയ സംവിധാനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് രണ്ട് മിനിട്ടിൽ താഴെ സമയം കൊണ്ട് സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താൽ സാമ്പിൾ ശേഖരണമെന്നതാവും ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിസ്കുകൾ ഈ പ്രവർത്തനത്തെ കൂടുതൽ എളുപ്പമാക്കുന്നു. അണുവിമുക്തമായി തയാറാക്കപ്പെട്ട കിയോസ്കുകളിൽ സാമ്പിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്നെറ്റിക് വാതിൽ, എക്സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാമ്പിൾ ശേഖരിച്ച ശേഷവും കിയോസ്കിൽ ക്രമീകരിച്ചിട്ടുള്ള കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കുകയും ചെയ്യും.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തയാറാക്കിയിട്ടുള്ളത് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശ പ്രകാരം മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്ക് രൂപകൽപനക്ക് പിന്നിൽ പ്രവർത്തിച്ചത്. ആശയത്തെ കുറിച്ച് അറിഞ്ഞ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.കെ.ഷാജഹാൻ ആശയം പ്രാവർത്തികമാക്കാൻ സഹായ ഹസ്തവുമായി മുന്നോട്ട് വരികയും വിശദമായ രൂപരേഖ സമർപ്പിക്കുകയും ചെയ്തു.തുടർന്ന് രണ്ട് യൂനിറ്റുകൾ സൗജന്യമായി നിർമിച്ചു കൈമാറുകയും ചെയ്തു.






