മലപ്പുറം-ജില്ലയിൽ ഇന്നലെ രണ്ടു പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. മാർച്ച് 11, 12 തീയതികളിൽ ദൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വേങ്ങര കൂരിയാട് സ്വദേശിയായ അറുപത്തിമൂന്നുകാരനും ചെമ്മാട് ബൈപാസ് സ്വദേശി മുപ്പത്തിമൂന്നുകാരനുമാണ് വൈറസ് ബാധ. ഇരുവരും ഒരേ സംഘത്തിലുള്ളവരായിരുന്നുവെന്നു
ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ വൈറസ് ബാധയുള്ളവരുടെ എണ്ണം 13 ആയി.
ഫെബ്രുവരി നാലിനാണ് പതിനാലംഗ സംഘം വീടുകളിൽ നിന്നു പുറപ്പെട്ടത്. ഫെബ്രുവരി അഞ്ചിനു ഉച്ചക്കു ശേഷം കോഴിക്കോട്ടു നിന്നു അമൃത്സർ എക്സ്പ്രസിൽ നിസാമുദ്ദീനിലേക്കു യാത്ര തിരിച്ചു. ഫെബ്രുവരി ഏഴിന് നിസാമുദ്ദീനിലെത്തി മർകസിനു സമീപമുള്ള മസ്ജിദിൽ താമസിച്ചു. തുടർന്നു ഫെബ്രുവരി ഒമ്പതിനു ബനാറസിലേക്ക് യാത്രയായി. അവിടെ നിന്നു രണ്ടു പേർ നാട്ടിലേക്ക് മടങ്ങി. ബാക്കി 12 അംഗ സംഘം മാർച്ച് പത്തു വരെ അവിടെ താമസിച്ചു. മാർച്ച് 11 ന് നിസാമുദ്ദീനിൽ തിരിച്ചെത്തി മർകസിൽ താമസമാക്കി. 11 നും 12 നുമുള്ള സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 13 ന് 12,217 നമ്പർ കേരള സമ്പർക് ക്രാന്തി തീവണ്ടിയിൽ സ്ലീപ്പർ ക്ലാസ് കമ്പാർട്ടുമെന്റിൽ യാത്ര ആരംഭിച്ച് മാർച്ച് 15 ന് കോഴിക്കോട്ടെത്തി. കോഴിക്കോട്ടു നിന്നു സംഘത്തിലെ രണ്ടു പേർ വീടുകളിലേക്കു മടങ്ങി. പത്തു പേർ കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവണ്ടിയിൽ രാവിലെ 7.40 ന് പരപ്പനങ്ങാടിയിലെത്തി. അവിടെ നിന്നു ക്രൂയിസർ വാഹനത്തിൽ മലപ്പുറത്തേക്കു വന്നു. രാവിലെ ഒമ്പതിനെത്തിയ സംഘം നഗരത്തിലെ മസ്ജിദുൽ ഹുദാ പള്ളിയിൽ തങ്ങി. 16 ന് രാവിലെ പത്തിനു സ്വകാര്യ ബസുകളിൽ വീടുകളിലേക്കു മടങ്ങി. ചെമ്മാട് സ്വദേശിയും വേങ്ങര കൂരിയാട് സ്വദേശിയും വെവ്വേറെ ബസുകളിലാണ് വീട്ടിലേക്കു പോയത്.
വീട്ടിലെത്തിയ ഇരുവരും വീട്ടുകാരുമായും നാട്ടിലും അടുത്തിടപഴകിയിട്ടുണ്ട്. വേങ്ങര കൂരിയാട് സ്വദേശി കൂരിയാട് മണ്ണിൽ പിലാക്കൽ കുന്നുമ്മൽ മസ്ജിദിലും ചെമ്മാട് മസ്ജിദിലും സന്ദർശനം നടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. ചെമ്മാട് സ്വദേശി ചെമ്മാട് - കോഴിക്കോട് റോഡിലെ മാർക്കറ്റിലും സന്ദർശനം നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നു നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർക്കായി ആരോഗ്യ വകുപ്പും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. ഏപ്രിൽ നാലിനു തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ച് ഇവരുടെ സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.
പരിശോധനാ ഫലം ലഭിച്ചതോടെ വൈറസ് ബാധയുള്ള വേങ്ങര കൂരിയാട് സ്വദേശിയെയും ഭാര്യ, മൂന്നു മക്കൾ, മൂന്നു മരുമക്കൾ, മൂന്നു പേരമക്കൾ എന്നിവരെയും ചെമ്മാട് സ്വദേശിയായ വൈറസ് ബാധിതൻ, മാതാവ്, ഭാര്യ, മൂന്നു കുട്ടികൾ എന്നിവരെയും മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്തിടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിർബന്ധമായും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.






