എംപി ഫണ്ട് അനുവദിക്കില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ശശി തരൂരും രണ്‍ദീപ് സുര്‍ജോവാലയും

ന്യൂദല്‍ഹി- കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എംപിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതിന് ഒപ്പം മണ്ഡലങ്ങളിലേക്കുള്ള എംപി ഫണ്ടും അനുവദിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ എംപിയും രണ്‍ദീപ് സുര്‍ജോവാലയുമാണ് ഇതിനെതിരെ രംഗത്തെത്തിയത്. ശമ്പളം വെട്ടിക്കുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ താന്‍ പിന്തുണക്കുന്നു. എന്നാല്‍ എംപി ഫണ്ട് അനുവദിക്കാതിരിക്കുന്നത് മണ്ഡലങ്ങളോട് കാണിക്കുന്ന വലിയ അന്യായമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജോവാല  പറഞ്ഞു. ഇത് എംപിമാരുടെ പങ്കിനെയും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശമ്പളം വെട്ടിക്കുറക്കുന്നതിനെ കോണ്‍ഗ്രസും പിന്തുണയ്ക്കും. എന്നാല്‍ എംപിമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ ചെലവിടേണ്ട തുകയുടെ കാര്യത്തില്‍ ഈ നിലപാടല്ല സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സുര്‍ജോവാലയുടെ പ്രതികരണം. 
എംപി ഫണ്ട് അനുവദിക്കില്ലെന്ന തീരുമാനത്തിന് എതിരെ ശശി തരൂര്‍ എംപിയും വിമര്‍ശനമുന്നയിച്ചു.ശമ്പളം വെട്ടിക്കുറക്കാനുള്ള നിലപാട് കൊറോണ പ്രതിസന്ധിയിലുള്ള ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ്. അതേസമയം എംപി ഫണ്ട് രണ്ട ്‌വര്‍ഷത്തേക്ക് അനുവദിക്കാതിരിക്കുന്നത് തര്‍ക്കവിഷയമാണെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കൊറോണ കാരണം സംഭവിക്കാനിരിക്കുന്ന സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താണ് രാഷ്ട്രപതി,പ്രധാനമന്ത്രി,എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറക്കാനും രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് നല്‍കില്ലെന്നും കേന്ദ്രം തീരുമാനിച്ചത്.
 

Tags

Latest News