കിഴക്കൻ പ്രവിശ്യയിൽ മുട്ട  വിൽപന കേന്ദ്രം അടപ്പിച്ചു

കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മുട്ട വിൽപന കേന്ദ്രം അടപ്പിച്ചത് വ്യക്തമാക്കി നഗരസഭാ ഉദ്യോഗസ്ഥൻ പോസ്റ്റർ പതിക്കുന്നു.

ദമാം - കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മുട്ട വിൽപന കേന്ദ്രം അശ്ശർഖിയ നഗരസഭയും വാണിജ്യ മന്ത്രാലയവും ഏകോപനം നടത്തി അടപ്പിച്ചു. സ്ഥാപനത്തിൽ ഉപയോക്താക്കളുടെ കടുത്ത തിരക്ക് അനുഭവപ്പെട്ടതും രോഗവ്യവാപനം തടയുന്നതിന് തിരക്ക് നിയന്ത്രിക്കാതിരുന്നതുമാണ് സ്ഥാപനം അടപ്പിക്കാൻ കാരണം. 
കാഷ് കൗണ്ടറുകൾക്കു മുന്നിലും സ്ഥാപനങ്ങൾക്കകത്തും ഉപയോക്താക്കൾക്കിടയിൽ ഒരു മീറ്ററിൽ കുറയാത്ത അകലം പാലിക്കൽ അനിവാര്യമാണെന്ന് അശ്ശർഖിയ മേയർ എൻജിനീയർ ഫഹദ് അൽജുബൈർ പറഞ്ഞു. ഉപയോക്താക്കൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പു വരുത്തുന്നതിന് നിലത്ത് അടയാളങ്ങൾ രേഖപ്പെടുത്തണം. അംഗീകൃത ആപ്പുകൾ വഴിയുള്ള ഹോം ഡെലിവറിയും ഓൺലൈൻ ഷോപ്പിംഗും പ്രോത്സാഹിപ്പിക്കുകയും വേണം. ഹൈപ്പർ മാർക്കറ്റുകളും മറ്റു സ്ഥാപനങ്ങളും കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അശ്ശർഖിയ നഗരസഭക്കു കീഴിലെ ശാഖാ ബലദിയകൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും മേയർ നിർദേശം നൽകിയിട്ടുണ്ട്. 
 

Latest News