Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ പോലീസുകാരനെ കാറിടിച്ച്  കൊന്ന യുവാവ് അറസ്റ്റിൽ

ജിദ്ദ ബഗ്ദാദിയ ഡിസ്ട്രിക്ടിൽ അൽഖൈർ പാലത്തിൽ കർഫ്യൂ ലംഘിച്ച സംഘത്തിന്റെ കാർ കൂട്ടിയിടിച്ച് തകർന്ന ട്രാഫിക് പോലീസ് കാർ 

ജിദ്ദ - കിഴക്കൻ ജിദ്ദയിലെ അൽഹറമൈൻ എക്‌സ്പ്രസ്‌വേയിൽ വെച്ച് ട്രാഫിക് പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. കർഫ്യൂ നടപ്പാക്കുന്നതിന് അൽഹറമൈൻ റോഡിൽ സ്ഥാപിച്ച ചെക്ക് പോയന്റിൽ സേവനമനുഷ്ഠിക്കുകയായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് കാറിടിച്ച് മരിച്ചത്. നിർത്താനുള്ള നിർദേശം അവഗണിച്ച് അമിത വേഗത്തിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കരുതിക്കൂട്ടി ഇടിച്ചുതെറിപ്പിച്ച് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. വൈകാതെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾക്ക് സാധിച്ചു. മുപ്പതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ്  അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു. 


ഗുരുതരമായി പരിക്കേറ്റ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൽഹിലാലി ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. അൽഹറമൈൻ എക്‌സ്പ്രസ്‌വേയും തഹ്‌ലിയ റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ സ്ഥാപിച്ച ചെക്‌പോയന്റിൽ വെച്ചാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കർഫ്യൂ ലംഘിച്ച് അമിത വേഗത്തിലെത്തിയ യുവാവ് ഇടിച്ചുതെറിപ്പിച്ചത്. 
ജിദ്ദയിൽ കഴിഞ്ഞ ദിവസം സമാന രീതിയിൽ രണ്ടു സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരമധ്യത്തിൽ ബഗ്ദാദിയ ഡിസ്ട്രിക്ടിൽ അൽമദീന ഹോട്ടലിന് പടിഞ്ഞാറ് അൽഖൈൽ മേൽപാലത്തിലാണ് രണ്ടാമത്തെ അപകടം. അമിത വേഗത്തിൽ ചെക് പോയന്റ് മറികടക്കാൻ ശ്രമിച്ച യുവാവിന്റെ കാർ ട്രാഫിക് പോലീസ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. ട്രാഫിക് പോലീസ് വാഹനത്തിനകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന് അപകടത്തിൽ പരിക്കേറ്റു. മറ്റേതാനും ചെക് പോയന്റുകൾ മറികടന്നാണ്  യുവാവ് അൽഖൈർ പാലത്തിൽ എത്തിയത്. 
പ്രതിയെ കുറിച്ച വിവരങ്ങൾ ആദ്യത്തെ ചെക് പോയന്റിൽ നിന്ന് സമീപത്തെ മറ്റു ചെക് പോയന്റുകൾക്കും ട്രാഫിക് പോലീസുകാർക്കും സുരക്ഷാ വകുപ്പുകൾക്കും കൈമാറിയിരുന്നു. അൽഖൈർ മേൽപാലത്തിൽ വെച്ച് പ്രതിയുടെ കാർ ട്രാഫിക് പോലീസ് വാഹനം കുറുകെയിട്ട് തടഞ്ഞുനിർത്താൻ പോലീസുകാരൻ ശ്രമിച്ചു. എന്നാൽ ട്രാഫിക് പോലീസ് കാറിൽ കൂട്ടിയിടിച്ച പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതി വൈകാതെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. മുപ്പതു വയസ്സ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. 


പരിക്കേറ്റ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ചികിത്സകൾക്കു ശേഷം ആശുപത്രി വിട്ടു. ട്രാഫിക് പോലീസ് കാറിൽ കൂട്ടിയിടിക്കുകയും പോലീസുകാരനെ പരിക്കേൽപിക്കുകയും ചെയ്ത പ്രതിയുടെ കാറിൽ സംഭവ സമയത്ത് മറ്റൊരു സൗദി യുവാവും സ്വദേശി യുവതിയും ഉണ്ടായിരുന്നു. കർഫ്യൂ ലംഘച്ചതിന് പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് സംഘം കാറുമായി ചെക് പോയന്റുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. മുഖ്യ പ്രതിയുടെ കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. യുവാക്കൾ തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്ന് പിടിയിലായ യുവതി തുടക്കത്തിൽ വാദിച്ചെങ്കിലും നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള തന്ത്രം മാത്രമാണിതെന്ന് വ്യക്തമായി. 
കർഫ്യൂ ലംഘിക്കുന്നവർക്ക് ആദ്യ തവണ 10,000 റിയാലാണ് പിഴ ചുമത്തുന്നത്. കർഫ്യൂ ലംഘിക്കുന്ന ഡ്രൈവർക്കു മാത്രമല്ല, കാറിലെ മുഴുവൻ യാത്രക്കാർക്കും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തി കുടുങ്ങുന്നവർക്ക് ഇരുപതു ദിവസത്തിൽ കവിയാത്ത തടവു ശിക്ഷ ലഭിക്കും. മൂന്നു ദിവസം മുമ്പ് റിയാദിൽ മറ്റൊരു ട്രാഫിക് പോലീസുകാരനെയും കർഫ്യൂ ലംഘിച്ച യുവാവ് കാറിടിച്ച് കൊലപ്പെടുത്തിയിരുന്നു. 

 

Latest News