രണ്ടു കാട്ടികള്‍ കിണറ്റില്‍ വീണു; ഒന്നിനെ രക്ഷപ്പെടുത്തി

വനപാലകരും അഗ്നി-രക്ഷാസേനാംഗങ്ങളും കിണറില്‍നിന്നു രക്ഷപ്പെടുത്തിതോല്‍പ്പെട്ടി വനത്തില്‍ വിട്ട പെണ്‍കാട്ടി.

കല്‍പറ്റ-ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ രണ്ടു കാട്ടികളില്‍ ഒന്നു ചത്തു. ഒന്നിനെ വനപാലകരും അഗ്നി-രക്ഷാസേനയും ചേര്‍ന്നു  രക്ഷപ്പെടുത്തി കാടുകയറ്റി. 

തൊണ്ടര്‍നാട് പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശമായ പാമ്പാള കൂടാരംകുന്ന് അരിമല ഗോപാലന്റെ വീമുറ്റത്തെ കിണറിലാണ് രണ്ടു വയസ് മതിക്കുന്ന പെണ്‍കാട്ടിയും രണ്ടു മാസം പ്രായം തോന്നിക്കുന്ന ആണ്‍ കാട്ടിയും വീണത്.

ഇതില്‍ പെണ്‍കാട്ടിയെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുംമുമ്പേ  ആണ്‍കാട്ടി മുങ്ങിച്ചത്തിരുന്നു. ഞായറാഴ്ച രാത്രിയാണ് കാട്ടികള്‍ കിണറ്റില്‍ വീണത്. വീടിനു പരിസരത്തുനിന്നു തുടര്‍ച്ചയായി കാട്ടിയുടെ കരച്ചില്‍കേട്ട ഗോപാലന്‍ മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. വനപാലകസംഘത്തിന്റെ പരിശോധനയിലാണ് കിണറ്റില്‍ കാട്ടികളെ കണ്ടത്. കിണറിനു പരിസരത്തു നിലയുറപ്പിച്ചിരുന്ന വലിയ കാട്ടികളെ വനപാലകര്‍ വനത്തിലേക്കു തുരത്തി.


ഇന്നലെ ഉച്ചയോടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ പെണ്‍കാട്ടിയെ വെടിവച്ചു മയക്കി. മാനന്തവാടിയില്‍നിന്നെത്തിയ അഗ്നി-രക്ഷാസേനാംഗങ്ങളാണ് രണ്ടു കാട്ടികളെയും പുറത്തെടുത്തത്. ആണ്‍കാട്ടിയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുടമയുടെ സ്ഥലത്തു മറവു ചെയ്തു. പെണ്‍കാട്ടിയെ പിക്കപ്പ് വാനില്‍ കയറ്റി ഉച്ചകഴിഞ്ഞു രണ്ടോടെ തോല്‍പ്പെട്ടി വനത്തില്‍ വിടുകയായിരുന്നു. ബോധക്ഷയം നീങ്ങിയ കാട്ടി വനത്തില്‍ മറഞ്ഞതിനുശേഷമാണ് വനപാലകര്‍ മടങ്ങിയത്.  
 

 

 

Latest News