Sorry, you need to enable JavaScript to visit this website.

ഇരുപത് ലക്ഷം കോടിയുടെ ലാഭത്തില്‍നിന്ന് ഒരു ഭാഗം ജനങ്ങള്‍ക്ക് നല്‍കണം- കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ആറു വര്‍ഷത്തിനിടെ ഇന്ധന വില്‍പ്പനയിലൂടെ നേടിയ 20 ലക്ഷം കോടി രൂപയില്‍നിന്ന് ഒരുഭാഗം കേന്ദ്രസര്‍ക്കാര്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി കോണ്‍ഗഗ്രസ്.

ഇത് കൊള്ളലാഭം ഉണ്ടാക്കാനുള്ള സമയമല്ലെന്നും ധനസഹായത്തിലൂടെയും സബ്‌സിഡിയിലൂടെയും ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ് വി ആവശ്യപ്പെട്ടു.

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില്‍പ്പനയിലൂടെ നേടിയ വന്‍തുകയുടെ ഒരുഭാഗം ജനങ്ങളുമായി പങ്കുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

എല്ലാ നേട്ടങ്ങളും ബിജെപിക്കും ദുരിതം  ജനങ്ങള്‍ക്കുമെന്ന സ്ഥിതി മാറണം. 2014 മര്‍ച്ചില്‍ അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 108 ഡോളറായിരന്നു അസംസ്‌കൃത എണ്ണവില. ആറുവര്‍ഷം കഴിയുമ്പോള്‍ 2020 മാര്‍ച്ച് 30 ന് ബാരലിന് 23 ഡോളറാണ് വില. 18 - 19 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ നേട്ടം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനാണെന്ന് നമുക്കെല്ലാം അറിയാം. അന്താരാഷ്ട്ര വിപണിയിലെ വില കണക്കിലെടുത്താാല്‍ രാജ്യത്ത് ഒരു ലിറ്റര്‍ പെട്രോള്‍ 28 രൂപയ്ക്ക് ലഭിക്കേണണ്ടതാണ്. എന്നാല്‍ ലിറ്ററിന് 74 രൂപയാണ് വില. പാചക വാതക സിലിണ്ടറിന്റെ വില 2014 മെയ് മാസത്തില്‍ 412 രൂപ ആയിരുന്നത് ഇപ്പോള്‍ 858 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ പാചകവാതക വില ആറു തവണ വര്‍ധിപ്പിച്ചു. കൊറോണ വൈറസ് ബാധയുണ്ടായതിനു ശേഷവും വില വര്‍ധിപ്പിച്ചുവെന്ന് സിങ്വി ആരോപിച്ചു. രാജ്യം പ്രതിസന്ധിയെ നേരിടുമ്പോള്‍ സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News