ഒപെക് നീക്കം ആഗോള ഓഹരി വിപണികൾക്കു പുതുജീവൻ പകരുന്നതിനെ ഉറ്റുനോക്കുന്നു നിക്ഷേപകർ. ഓഹരി ഇൻഡക്‌സുകൾ ചൂടുപിടിക്കുകയെന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ട് എണ്ണ ഉൽപാദനം കുറക്കാനുള്ള നീക്കത്തിലാണ് ഉൽപാദക രാജ്യങ്ങളുടെ സംഘടന. തിങ്കളാഴ്ച നടക്കുന്ന യോഗത്തെ ഉറ്റുനോക്കുകയാണ് ആഗോള ധനകാര്യ സ്ഥാപനങ്ങളും. അതേ സമയം കോവിഡ് വൈറസ് പ്രശ്‌നം നിയന്ത്രിക്കാനായാൽ മാത്രമേ വിപണികളുടെ ദിശയിൽ മാറ്റം പ്രതീക്ഷിക്കാനാവൂ. അതിനായി ഈസ്റ്റർ കഴിയും വരെ കാത്തിരിക്കേണ്ടിവരും. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 19.35 ഡോളറിൽ നിന്ന് 28.79 ലേക്ക് കയറി. എണ്ണ ഉൽപാദനം കുറക്കുമെന്ന നിഗമനത്തിൽ ഒരു വിഭാഗം ഫണ്ടുകൾ അവധി വ്യാപാരത്തിൽ ഷോട്ട് കവറിങിന് മത്സരിച്ചതും പുതിയ വാങ്ങലുകാരുടെ വരവും എണ്ണ വില ചൂടുപിടിക്കാൻ കാരണമായി. പ്രതിദിന ഉൽപാദനത്തിൽ പത്തു ലക്ഷം ബാരലിന്റെ കുറവ് വരുത്തിയാൽ ഈ വാരം നിരക്ക് 33.44 ഡോളറിലേക്ക് ഉയരാനാവശ്യമായ ഊർജം കണ്ടത്തും. എന്നാൽ ഉൽപാദനം കുറക്കുന്ന കാര്യത്തിൽ റഷ്യയും അമേരിക്കയും പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ ഓഹരി വിപണി ഏഴാം വാരവും വിൽപനക്കാരുടെ പിടിയിലാണ്. 2008 ന് ശേഷം ആദ്യമായാണ് തുടർച്ചയായി ഏഴ് ആഴ്ച സൂചിക ഇടിയുന്നത്. സെൻസെക്‌സും നിഫ്റ്റിയും ഈ കാലയളവിൽ 33 ശതമാനം താഴ്ന്നു. ഒരു മാസത്തിനിടയിൽ മാത്രം ബോംബെ സെൻസെക്‌സ് 11,032 പോയന്റും നിഫ്റ്റി 3219 പോയിന്റും ഇടിഞ്ഞു. കഴിഞ്ഞവാരം സെൻസെക്‌സ് 2224 പോയന്റും നിഫ്റ്റി 576 പോയന്റും താഴ്ന്നു.
മുൻ നിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തിൽ 2.82 ലക്ഷം കോടി രൂപയുടെ ഇടിവ്. ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസീസ്, എച്ച്.ഡി.എഫ്.സി, എയർ ടെൽ, ഐ.സി.ഐ. സി.ഐ ബാങ്ക് എന്നിവക്കു കനത്ത തിരിച്ചടി നേരിട്ടു.
ബോംബെ സെൻസെക്‌സ് 29,770 ൽ നിന്ന് 27,500 ലേക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 27,590 പോയന്റിലാണ്. ഈ വാരം മുന്നേറ്റത്തിന് തുനിഞ്ഞാൽ 29,073 ലും 30,556 പോയന്റിലും പ്രതിരോധമുണ്ട്. വീണ്ടും തിരുത്തലിന് ശ്രമം നടന്നാൽ 26,803-26,016 ൽ താങ്ങുണ്ട്. നിഫ്റ്റി സൂചികക്കു 8660 ൽ നിന്ന് 8678 വരെയേ ഉയരാനായുള്ളൂ. ഇതിനിടയിൽ അലയടിച്ച വിൽപന തരംഗത്തിൽ 8055 ലേക്ക് വീണ്ടും പരീക്ഷണം നടത്തിയ ശേഷം 8083 ൽ ക്ലോസ് ചെയ്തു. ഈ വാരം 7866 ലെ ആദ്യ താങ്ങ് നിലനിർത്തിയാൽ സൂചിക 8489 ലേക്കും ഉയരാം. ഈ നീക്കം വിജയിച്ചില്ലെങ്കിൽ അടുത്ത ചുവടുവെപ്പിൽ സപ്പോർട്ടായ 7649 റേഞ്ചിലേക്ക് നീങ്ങും. ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിലാണ്. എന്നാൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്രൽ റേഞ്ചിലാണ്.
സാമ്പത്തിക മേഖലക്ക് ഒട്ടും ശുഭകരമായ വാർത്തകളല്ല പുറത്തു വരുന്നത്. പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ രണ്ട് ശതമാനമാക്കി. നേരത്തേ അവർ പ്രതീക്ഷിച്ച വളർച്ച 5.1 ശതമാനമായിരുന്നു. വിദേശ ഫണ്ടുകൾ 2019-20 സാമ്പത്തിക വർഷം 90,043 കോടി രൂപയുടെ ഓഹരികൾ വിറ്റു. ജനുവരി, ഫെബ്രുവരിയിൽ നിക്ഷപകരായി നിലകൊണ്ടിട്ടും അവർ ഈ വർഷം 51,832 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര ഫണ്ടുകൾ ഈ കാലയളവിൽ റെക്കോർഡ് തുകയായ 1,28,208 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകൾ മാർച്ചിൽ 55,595 കോടിരൂപ നിക്ഷേപിച്ചു. 2018 ഒക്ടോബറിൽ 26,033.9 കോടി രൂപ നിക്ഷേപിച്ചതാണ് മുൻ റെക്കോർഡ്.
രൂപയുടെ മൂല്യത്തകർച്ചയെ പിടിച്ചുനിർത്താൻ എല്ലാ അടവുകളും ധനമന്ത്രാലയം പയറ്റിയിട്ടും വിപണിയുടെ ചുക്കാൻ കൈപ്പിടിയിൽ ഒതുക്കാനായില്ല. തിങ്കളാഴ്ച 74.40 ൽ ഇടപാട് നടന്ന രൂപ പിന്നീട് 76.57 വരെ ഇടിഞ്ഞ ശേഷം 76.41 ലാണ്. വിനിമയ വിപണിയുടെ വീക്കിലി ചാർട്ട് വിലയിരുത്തിയാൽ 80 ലേക്ക് വരും മാസങ്ങളിൽ നീങ്ങാം, എന്നാൽ വിദേശ ഫണ്ടുകൾ വിൽപന കുറച്ചാൽ രൂപയുടെ മൂല്യം അൽപം മെച്ചപ്പെടാം. ഇതിനിടയിൽ മണി മാർക്കറ്റ് ട്രേഡിങ് സമയം രാവിലെ പത്തു മുതൽ രണ്ട് മണി വരെയാക്കി.
ഈ വാരം ഇടപാടുകൾ മൂന്നു ദിവസങ്ങളിൽ ഒതുങ്ങും. തിങ്കളാഴ്ച മഹാവീര ജയന്തിയും ദുഃഖവെള്ളിയും മൂലം ഈ രണ്ട് ദിവസം ഇടപാടുകൾ നടക്കില്ല.