കത്തെഴുതലും ഒപ്പുശേഖരണവും; ബിജെപിക്കാർക്ക് മോഡിയുടെ അഞ്ച് ടാസ്‌കുകള്‍

ന്യൂദല്‍ഹി- കൊറോണയ്‌ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ രണ്ട് ടാസ്‌കുകളാണ് പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോഡി നല്‍കിയിരുന്നത്. പാത്രം കൊട്ടലും ദീപം തെളിയിക്കലുമായിരുന്നു അത്. എന്നാല്‍ ദീപം തെളിയിക്കലിന് ഇന്നലെ സമാപനമായതോടെ കൊറോണക്കെതിരായി അടുത്ത അഞ്ച് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത് തന്റെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ്. ബിജെപിയുടെ നാല്‍പതാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി  ആരോഗ്യപ്രവര്‍ത്തകര്‍,പോലിസുകാര്‍,അവശ്യസര്‍വീസുകള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് കത്തെഴുതുകയും 490 കുടുംബങ്ങളെ കൊണ്ട് ഒപ്പുവെപ്പിച്ച് വിതരണം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാവ് ജെപി നദ്ദയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

കൂടാതെ സ്വന്തം വീടുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുക,മുഖാവരണം ധരിക്കുക,കൊറോണയ്ക്ക് എതിരെ പോരാടുന്നവരെ അഭിനന്ദിക്കുക,ആരോഗ്യ സേതുആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക,പിഎം കെയറിലേക്ക് സംഭാവന നല്‍കുക,ദരിദ്രര്‍ക്ക് റേഷന്‍ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ ചെയ്യണമെന്നും മോഡി ആവശ്യപ്പെട്ടു. പിഎം കെയറിലേക്ക് സ്വയം സംഭാവന ചെയ്യുന്നതിനൊപ്പം നാല്‍പത് പേരെകൂടി അതില്‍ പങ്കാളികളാക്കണം. ആരോഗ്യസേതുആപ്പ് സ്വയം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പം നാല്‍പത് പേരെ കൂടി അതിന് പ്രേരിപ്പിക്കണമെന്നും അദ്ദേഹം വിശദമാക്കി.ബിജെപിയുടെ സ്ഥാപകദിനമായ ഈ അവസരത്തില്‍ ആളുകളെ സേവിക്കാന്‍ ലഭിച്ച അവസരമായി ഈ ദിനങ്ങളെ കാണണമെന്നും മോഡി പറഞ്ഞു.
 

Latest News