Sorry, you need to enable JavaScript to visit this website.

എന്റെ രാഷ്ട്രീയം കാവിയല്ല  -കമൽഹാസൻ 

തിരുവനന്തപുരം-രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന കാര്യത്തിൽ വ്യക്തത വരുത്തി കമൽഹാസൻ. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് ശേഷമാണ് തന്റെ രാഷ്ട്രീയ നിലപാടുകൾ എന്തെന്ന് സംബന്ധിച്ച സൂചന നൽകിയത്. ഇടതുപക്ഷവുമായി സഹകരിക്കുമോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചില സൂചനകൾ നൽകുക മാത്രമാണ് കമലഹാസൻ ചെയ്തത്.
- നാൽപത് വർഷമായി സിനിമയിൽ ഉണ്ട്. അതിൽനിന്നുൾപ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീർച്ചയായും കാവിയല്ല.
മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദർശിക്കുമെന്നും കമൽഹാസൻ പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് കമൽഹാസൻ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുമാസമായി തമിഴ്‌നാട്ടിൽ എ ഐ എ ഡി എം കെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കമൽഹാസൻ നടത്തിയത്. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ രജനീകാന്തും നൽകിയിരുന്നു
കമൽഹാസനായി ഓണസദ്യയും ക്ലിഫ് ഹൗസിൽ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമലഹാസൻ സ്ഥിരീകരിച്ചു.
സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് എത്തണം എന്ന് ആഗ്രഹിച്ചിരുന്നതായും തനിക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമൽ പറഞ്ഞു. ഗ്രേറ്റ് സർക്കാർ എന്നാണ് കമൽഹാസൻ പിണറായി സർക്കാരിനെ വിശേഷിപ്പിച്ചത്. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാൻ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തങ്കവേലിൽ നടന്ന ഒരു വിവാഹസൽക്കാര വേദിയിൽ വെച്ച് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയതയായി ആരാധകരോടായി കമൽഹാസന്റെ പ്രഖ്യാപിച്ചിരുന്നു.ഇത് വെറും വിവാഹച്ചടങ്ങ് മാത്രമല്ല, ഉദ്ഘാടന ചടങ്ങ് കൂടിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രീയ പ്രവേശനം തുടങ്ങിയതായുള്ള പരോക്ഷ പ്രഖ്യാപനം. എവിടെ നിന്നെങ്കിലും രാഷ്ട്രീയ യാത്ര തുടങ്ങണം. കോയമ്പത്തൂരിൽ നിന്നായായും ട്വിറ്ററിൽ നിന്നായാലും അത് തുടങ്ങണമെന്നായിരുന്നു കമൽഹാസന്റെ പരാമർശം. 

കമൽഹാസൻ-പിണറായി കൂടിക്കാഴ്ച; രാഷ്ട്രീയവും സംസാരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം - നടൻ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കമലുമായി രാഷ്ട്രീയം ചർച്ച ചെയ്‌തെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയലക്ഷ്യവുമുണ്ടെന്ന് കമൽഹാസൻ പറഞ്ഞു. ഈ കൂടിക്കാഴ്ച ഒരു പഠനാവസരമാണ്. പിണറായി വിജയന്റെ അനുഭവങ്ങൾ മനസ്സിലാക്കാനുള്ള സന്ദർഭം കൂടിയാണിത്. കഴിഞ്ഞ ഓണത്തിന് വരാനിരുന്നതാണെന്നും കമൽ പറഞ്ഞു.വിഖ്യാതനടനും സംവിധായകനുമായ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെങ്കിലും സംഭാഷണത്തിൽ രാഷ്ട്രീയവും കടന്നുവന്നു. പൊതുവിൽ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചത്. ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ചയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
 

Latest News