Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണ്‍ നോട്ട് നിരോധനത്തേക്കാള്‍ വലിയ തിരിച്ചടിയാകും: ബാല്‍ക്കണിയിലുള്ളവര്‍ക്ക് മാത്രമുള്ളതാണോ സര്‍ക്കാരെന്ന് കമല്‍ഹാസന്‍

 

ചെന്നൈ-കേന്ദ്രസര്‍ക്കാര്‍ ബാല്‍ക്കണിയിലുള്ള ജനങ്ങള്‍ക്ക് വേണ്ടിമാത്രമുള്ള ബാല്‍ക്കണി സര്‍ക്കാരകരുതെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍.യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രധാനമന്ത്രി പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. നോട്ട് നിരോധനത്തിന് സമാനമായ പ്രഖ്യാപനമാണ് ലോക്ക്ഡൗണ്‍ എന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പ്രഖ്യാപിച്ചത് പോലുള്ള വലിയൊരു തെറ്റായി ഈ ലോക്ക് ഡൗണും മാറുമെന്ന് താന്‍ ഭയക്കുന്നു. നോട്ട് നിരോധനം പാവപ്പെട്ട ജനങ്ങളുടെ ജീവിതോപാധിയും സമ്പാദ്യവുമൊക്കെ ആകെ തകര്‍ത്തപ്പോള്‍ ലോക്ക് ഡൗണ്‍ ആളുകളുടെ ജീവനും ജീവിതോപാധിയും തന്നെ പൂര്‍ണമായും തകര്‍ക്കുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാല്‍ക്കണിയില്‍ നിന്ന് പാത്രം കൊട്ടാനും ദീപം തെളിയിക്കാനുമൊക്കെ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. നിങ്ങളുടെ ലോകം അവരുടെ ബാല്‍ക്കണിയില്‍ നിന്ന് എണ്ണയൊഴിച്ച് ദീപം തെളിയിക്കുമ്പോള്‍ പാവപ്പെട്ടവര്‍ അവരുടെ അന്നം പാകം ചെയ്യാനുള്ള എണ്ണയ്ക്ക് വേണ്ടി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയാണ് താരവും തമിഴകത്തിന്റെ പുതിയ രാഷ്ട്രീയനേതാവുമായ കമല്‍ഹാസന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രിവിലേജുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള സൈക്കോ തെറാപ്പിയാണ് പ്രധാനമന്ത്രിയുടെ ഐക്യദാര്‍ഢ്യ ആഹ്വാനങ്ങള്‍.എന്നാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സാധിക്കാത്ത പാവപ്പെട്ടവര്‍ എങ്ങിനെയാണ് അതിജീവിക്കുക. അവര്‍ക്ക് എന്താണ് സംഭവിക്കുകയെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു.  നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഘടകമായ ദരിദ്രരെ പൂര്‍ണമായും അവഗണിച്ച് കൊണ്ട് ബാല്‍ക്കണിയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ബാല്‍ക്കണി സര്‍ക്കാരാകാന്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് കരുതുന്നുവെന്നും കമല്‍ഹാസന്‍ കത്തില്‍ കുറിച്ചു.
 

Latest News