കേരളത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കോവിഡ്; പഠന സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം- പത്തനംതിട്ടയില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത 18 കാരിയില്‍കൂടി കോവിഡ് 19  കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പഠനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.  

ജില്ലയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പഠനസംഘം. പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല.

ദല്‍ഹി നിസാമുദ്ദീനില്‍നിന്ന് ട്രെയിനില്‍ കയറി എന്ന ഒറ്റക്കാരണത്താലാണ് പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അടൂര്‍ സ്വദേശിയായ പ്രവാസി യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളും പരിശോധനയില്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു.

ഈ സാഹചര്യത്തിലാണ് രോലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതരുണ്ടാകാനുള്ള  സാധ്യത മുന്നില്‍ കണ്ട് പ്രത്യേകം പഠനം നടത്തുന്നത്.

 

 

Latest News