കൊച്ചി- സംഗീത സംവിധായകൻ എം.കെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. ഇന്നു പുലർച്ചെ മൂന്നിന് കൊച്ചി പള്ളുരുത്തിയിലെ വസതിയിലായിരുന്നു അന്ത്യം. മലയാള സിനിമക്ക് ഒട്ടേറെ അനശ്വര ഗാനങ്ങൾ സമ്മാനിച്ചാണ് അർജുനൻ മാസ്റ്റർ വിടവാങ്ങുന്നത്. യമുനേ പ്രേമ യമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ തുടങ്ങിയ ഒട്ടേറ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചു. ഇരുന്നൂറിലധികം ചിത്രങ്ങൡലായി ആയിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി. 1936 മാർച്ച് ഒന്നിന് ഫോർട്ടുകൊച്ചിയിൽ ചിരടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളവയനായാണ് അർജുനൻ ജനിച്ചത്. ആറു മാസമായപ്പോഴേക്കും അച്ഛൻ മരിച്ചു. വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അർജുനനെയും ജേഷ്ഠൻ പ്രഭാകരനെയും പഴനിയിലെ ജീവകാരുണ്യ കേന്ദ്രത്തിലേക്ക് അയച്ചു. അവിടെ വെച്ച് ആശ്രമാധിപൻ നാരായണ സ്വാമിയാണ് അർജുനന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്. സംഗീതാധ്യാപകന്റെ കീഴിൽ ഏഴു വർഷം സംഗീതം അഭ്യസിച്ചു. 1968-ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്ത് എത്തിയത്. ഹൃദയമുരുകി നീ കരയില്ലെങ്കിൽ, മാനത്തിൻ മുറ്റത്ത് എന്നീ ശ്രദ്ധേയഗാനങ്ങൾ ഇതിലായിരുന്നു. ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ ഹിറ്റായിരുന്നു ഒരു കാലത്ത് മലയാളത്തിലെ ശ്രദ്ധേയമായ സംഗീത ജോഡികൾ.