കോട്ടയത്ത് കോവിഡ് രോഗികളുമായി  സമ്പർക്കം പുലർത്തിയ 61 പേരെ കണ്ടെത്തി

കോട്ടയം- കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 61 പേരെ കോട്ടയം ജില്ലയിൽ കണ്ടെത്തി. നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കളായ 11 പേരും ഇതിൽ ഉൾപ്പെടുന്നു.
ആലപ്പുഴ സ്വദേശി കോട്ടയം നഗരത്തിലെ ബന്ധുവീട് സന്ദർശിച്ചിരുന്നു. ഈ വീട്ടിലുള്ള പത്തു പേരെയും ഇതേ സമയത്ത് ഈരാറ്റുപേട്ടയിൽനിന്ന് ഇവിടെയെത്തിയ ബന്ധുവിനെയുമാണ് പ്രൈമറി കോൺടാക്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിസാമുദ്ദീൻ സന്ദർശിച്ചവരുടെയും ഇവരിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെയും സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇതനുസരിച്ച് ശനിയാഴച രാത്രി കോട്ടയം ജനറൽ ആശുപത്രിയിൽ 11 പേരുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. ഇവരിൽ മൂന്നു പുരുഷൻമാരും മൂന്നു സ്ത്രീകളും അഞ്ച് കുട്ടികളുമാണുള്ളത്. 


ഇതിൽ മൂന്നു കുട്ടികൾക്ക് നാളിതുവരെ പൾസ് പോളിയോ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകളൊന്നും നൽകിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രതിരോധ മരുന്നുകൾ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
പ്രൈമറി കോൺടാക്ട് പട്ടികയിൽ ശേഷിക്കുന്നവർ കാസർകോട്, കണ്ണൂർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തവരാണ്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല. ലക്ഷണങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് സാമ്പിൾ ശേഖരിച്ച് പരിശോധനക്കയയ്ക്കും. 


നിസാമുദ്ദീൻ സന്ദർശിച്ച് നേരത്തെ ജില്ലയിലെത്തിയ 12 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 11 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഒരാളുടെ സാമ്പിൾ നിരാകരിച്ചു. ഇത് വീണ്ടും ശേഖരിച്ച് പരിശോധിക്കും. ഇവരിൽ എട്ടു പേർ മാർച്ച് 12 ന് മുമ്പും നാലു പേർ 20 നു മുമ്പും തിരിച്ചെത്തിയവരാണ്.
അതിനിടെ ജില്ലയിൽ ഇന്നലെ മൂന്നുപേർ കൂടി രോഗമുക്തരായി. രണ്ടു പേർ ആശുപത്രി നിരിക്ഷണത്തിൽ ഉണ്ട്. രണ്ടു പേരെ ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്നലെ ഒഴിവാക്കി. ഇന്നലെ ഹോം ക്വാറന്റൈൻ നിർദേശിക്കപ്പെട്ടത് 61 പേർക്കാണ്. മെഡിക്കൽ സംഘം ഇന്നലെ 848 അതിഥി തൊഴിലാളികളെയും പരിശോധിച്ചു.
 

Latest News