തിരുവനന്തപുരം- പ്രവാസികൾ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ലെന്നും അവർക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ കാര്യത്തിൽ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തിൽ കോവിഡ് 19 രോഗബാധിതരായവർ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തിൽ ചില കേന്ദ്രങ്ങളിൽ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസ്സിലാക്കിയ ഉടൻ സർക്കാർ ഇടപെട്ടിട്ടുണ്ട്. ഈ നാടിന്റെ പ്രത്യേകതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രവാസികൾ വഹിച്ചിട്ടുള്ള പങ്ക് നമ്മൾ കണ്ടിട്ടുള്ളതാണ്. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്‌നങ്ങൾ ഗൗരവമായി തന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിദേശകാര്യമന്ത്രിക്കും മറ്റും ഈ പ്രശ്‌നങ്ങൾ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോർക്ക വഴി ഫലപ്രദമായി ഇടപെടാൻ ശ്രമിക്കുന്നുണ്ട്. നോർക്കയുടെ ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.
ചില വിദേശ രാജ്യങ്ങളിൽ ബാച്ചിലേഴ്‌സ് അക്കമൊഡേഷനുകളിലും ലേബർ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരിൽ ആർക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താൽ അവർക്ക് ക്വാറന്റൈനിൽ പോകാൻ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്.
ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയുന്ന മറ്റുള്ളവർ ഇവരുടെ പ്രദേശങ്ങൾ തിരിച്ചുള്ള സമഗ്ര ഡാറ്റാബാങ്ക് തയാറാക്കാനാകുമോ എന്ന കാര്യം പരിശോധിക്കണം. കോമൺ ഡാറ്റാ ഫോർമാറ്റ് നോർക്ക വെബ്‌സൈറ്റിൽ കൊടുക്കുന്നുണ്ട്. അതിൽ ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഓരോ പ്രദേശത്തുമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാകണം. എന്നാൽ ചില രാജ്യങ്ങളിൽ ഡാറ്റാ പ്രൊട്ടക്ഷൻ പ്രശ്‌നമുണ്ട്. അതിനു വിരുദ്ധമായി പോകാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം. അതോടൊപ്പം പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിസ പുതുക്കൽ, തൊഴിൽദാതാവിൽ നിന്നുള്ള സമാശ്വാസ സഹായം എന്നീ കാര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാൻ വ്യാപകമായി ഇടപെടണം. ഇക്കാര്യത്തിൽ മറ്റെല്ലാം മറന്ന് സംഘടനകൾ കൂട്ടമായി കാര്യങ്ങൾ നീക്കണം.
വിദ്യാർഥികൾ പലയിടങ്ങളിലും പാർട് ടൈം ജോലിയെടുത്ത് വരുമാനം ഉറപ്പിക്കുന്നവരുണ്ട്. ഈ സാഹചര്യത്തിൽ അവരെ സഹായിക്കാൻ അവിടെയുള്ള പ്രധാന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തിക്കൊടുക്കാൻ പറ്റുമോ എന്നത് എല്ലാവരും കൂടി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.






