കൊച്ചി - കോവിഡ്-19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 10,806 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് പട്ടികയിൽ നിന്ന് ഇന്നലെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ ആശുപത്രികളിലും വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1183 ആയി.
പുതുക്കിയ നിർദേശ പ്രകാരം മാർച്ച് 5 ന് ശേഷം വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തിയവരിൽ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ പെട്ടവർ മാത്രം 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി എന്നതിനാലാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 10,806 പേരെ കാലയളവ് പൂർത്തിയായതിനെ തുടർന്ന് ഒഴിവാക്കിയത്. ഇതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1142 ആയി. മാർച്ച് 5 മുതൽ ലോക്ഡൗൺ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടത് എന്നാണ് പുതിയ നിർദേശം. എന്നാൽ, ഈ കാലയളവിൽ വന്ന, ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവർ 28 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ 14 ദിവസം കൂടി നിരീക്ഷണത്തിൽ തുടരണം. കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചവർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായ ശേഷവും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ തുടരണം.
ഇന്നലെ പുതിയതായി 106 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. അതേസമയം 9 പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിൽ 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും 3 പേർ സ്വകാര്യ ആശുപത്രിയിലുമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഒരാളെയും, ആലുവ ജില്ലാ ആശുപത്രിയിൽ നിന്ന് 2 പേരെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു. ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 41 ആയി. ഇതിൽ 25 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും, 9 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. 34 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. 62 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയിൽ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.
ജില്ലയിലെ 2 കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്. കോവിഡ് രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ വെന്റിലേറ്റർ, ഐ.സി.യു സംവിധാനങ്ങൾ നൽകുന്നത് സംബന്ധിച്ച പ്രായോഗിക പരിശീലനം എറണാകുളം ജനറൽ ആശൂപത്രിയിൽ വെച്ച് ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, അനസ്തേഷ്യാ വിഭാഗം ഡോക്ടർമാർക്ക് നൽകി. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകി. 3 ദിവസങ്ങളിലായി 60 ഡോക്ടർമാർക്ക് പരിശീലനം പൂർത്തീകരിച്ചു. ഇത്തരം പരിശീലനം പൂർത്തിയാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇന്നലെ ഒ.പിയിലെത്തിയ 5 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്.






