തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ പരിശോധിക്കൽ - കിഴക്കൻ പ്രവിശ്യയിൽ പ്രത്യേക സമിതി

കിഴക്കൻ പ്രവിശ്യയിലെ ലേബർ ക്യാമ്പുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

ദമാം- വിദേശ തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് കോവിഡ് പ്രതിരോധ നടപടികൾ ഉറപ്പു വരുത്താൻ കിഴക്കൻ പ്രവിശ്യയിൽ പ്രത്യേക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. മാനവ ശേഷി, ആരോഗ്യം, വാണിജ്യം, നഗര ഗ്രാമം മന്ത്രാലയ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് ക്യാമ്പുകളിലും സൂഖുകളിലും പരിശോധന നടത്തുന്നത്.
കമ്പനികളിലെ തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പുകളിലാണ് പരിശോധന പ്രധാനമായും നടക്കുന്നത്. ആൾക്കൂട്ടം ഇല്ലാതിരിക്കുക, ശുചീകരണം, അണുനാശിനി പ്രയോഗം എന്നിവ സമിതി ഉറപ്പു വരുത്തുന്നുണ്ട്. അതോടൊപ്പം തൊഴിലാളികൾക്കിടയിൽ കോവിഡ് ബോധവൽക്കരണവും നടത്തിവരുന്നു.


കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലേബർ ക്യാമ്പുകളിലും സൂഖുകളിലും 1257 പരിശോധനകളാണ് നടത്തിയതെന്ന് മാനവ ശേഷി മന്ത്രാലയ ശാഖ പരിശോധനാ വിഭാഗം ഡയറക്ടർ ആരിഫ് അൽശഹ്‌രി അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് തൊഴിലുടമകളൊരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്തുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. കോവിഡ് സാമൂഹിക വ്യാപനം തടയുന്നതിനുളള നടപടികളുടെ ഭാഗമാണിത്. പ്രവിശ്യയിലെ എല്ലാ പ്രദേശങ്ങളിലും പരിശോധന തുടരുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

 

Latest News