പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനം; ലോക്ക്ഡൗണ്‍ ലംഘിച്ച് ചെരാതുകള്‍ വാങ്ങിക്കൂട്ടാന്‍ തെരുവില്‍ ജനങ്ങളുടെ തിരക്ക്


പാട്‌ന-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ തുടര്‍ന്ന് പാട്‌നയില്‍ തെരുവില്‍ ചെരാതുകള്‍ വാങ്ങിക്കൂട്ടാന്‍ ആളുകളുടെ തിക്കുംതിരക്കും. കൊറോണവൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെയാണ് മോഡിയുടെ അഭ്യര്‍ത്ഥന സാക്ഷാത്കരിക്കാന്‍ ആളുകള്‍ റോഡില്‍ നിയമംലംഘിച്ച് തിക്കുംതിരക്കും കൂട്ടുന്നത്. താന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന നിറവേറ്റാന്‍ ഇന്ന് അമ്പത് ചെരാതുകളാണ് വാങ്ങിയതെന്ന് പാട്‌ന സ്വദേശി വികാസ് ശര്‍മ പറഞ്ഞു. ഓരോരുത്തരും പത്തും ഇരുപതും അമ്പതും ചെരാതുകളാണ് വാങ്ങിക്കൊണ്ടു പോകുന്നതെന്നും നല്ല കച്ചവടമാണ് ലഭിച്ചതെന്ന് ചെരാത് വില്‍പ്പനക്കാരി സുശീല ദേവി പറഞ്ഞു.

ഇന്ന് രാത്രി നടക്കുന്ന ദീപം തെളിയിക്കലിന് വേണ്ടി ആളുകള്‍ കൂട്ടത്തോടെ ചെരാതുകള്‍ വാങ്ങാനെത്തുന്നതായി മറ്റ് കച്ചവടക്കാരും പറയുന്നു. കൊറോണ വ്യാപകമാകുന്ന ഈ സാഹചര്യത്തില്‍ മാസ്‌ക് പോലും വെക്കാതെയാണ് ആളുകള്‍ നിരത്തിലിറങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളോട് ഐക്യദാര്‍ഢ്യപ്പെട്ട് ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീട്ടിലെ വൈദ്യുതി ഓഫാക്കിയ ശേഷം മെഴുകുതിരി കത്തിക്കുകയോ ദീപം തെളിയിക്കുകയോ ചെയ്യണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
 

Latest News