കോവിഡ് വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് യൂറോപ്പ്; ആഫ്രിക്കക്കാര്‍ ഗിനി പന്നികളല്ലെന്ന് കെനിയന്‍ സെനറ്റര്‍


കെനിയ- കോവിഡ് -19 വാക്‌സിന്‍ ആഫ്രിക്കയിലെ ജനങ്ങളില്‍ പരീക്ഷണം നടത്തണമെന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരുടെ പ്രസ്താവനയെ അപലപിച്ച്  കെനിയന്‍ സെനറ്റര്‍  മോസസ് വേതങ്കു. കോവിഡ് വാക്‌സിന്റെ ശേഷി പരിശോധിക്കാന്‍ നല്ലത് ആഫ്രിക്കന്‍ രാജ്യങ്ങളാണെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേതങ്കു വിമര്‍ശനവുമായി രംഗത്തെത്തിയത്.  കൊറോണ പടര്‍ന്നു പിടിച്ച ചൈന,ഇറ്റലി,സ്‌പെയിന്‍,ഫ്രാന്‍സ്,യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിക്കാനുള്ള സാധ്യത തേടുന്നതാണ് നല്ലത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിക്കാന്‍ അനുവദിക്കില്ലെന്നും ആഫ്രിക്കന്‍ നേതാക്കള്‍ തീര്‍ച്ചയായും ഈ ശ്രമത്തിനെതിരെ രംഗത്ത് വരുമെന്നും മോസസ് വെതങ്കു പറഞ്ഞു.

എല്ലാ പരീക്ഷണങ്ങളും തങ്ങളുടെ ജനങ്ങളില്‍ നടത്താന്‍ അവര്‍ ഗിനി പന്നികളല്ലെന്നും സെനറ്റര്‍ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാരുടെ ഈ പ്രസ്താവനയ്ക്ക് എതിരെ കെനിയന്‍ ജനത രൂക്ഷ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. സോഷ്യല്‍മീഡിയകളില്‍ ഇതിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.'ആഫ്രിക്കന്‍ നോട്ട് ലാബ് റാറ്റ്' എന്ന ഹാഷ്ടാഗും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആഫ്രിക്കയില്‍ ഇതുവരെ 212 കൊറോണ മരണങ്ങളും ആയിരം കൊറോണ കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആഫ്രിക്കയില്‍ കൊറോണ ബാധ കുറവാണ്.

Latest News