ന്യൂദൽഹി- കേന്ദ്രമന്ത്രിസഭയിൽ ചേരുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. ഇത്തരം വാർത്തകൾക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കുന്നതായും ജോസ് കെ മാണി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ കേരളാ കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ലെന്ന് ഉറപ്പിച്ചുപറയുകയാമെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇത്തരമൊരു നുണപ്രചരണം ആവർത്തിക്കുന്നതിന്റെ പിന്നിൽ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ജോസ് കെ മാണി വ്യക്തമാക്കി.
ജോസ് കെ മാണി കേന്ദ്രമന്ത്രിസഭയിൽ ചേരുമെന്ന് ഒരു ഓൺലൈൻ പോർട്ടൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ചേരുന്നതിന് വേണ്ടി ജോസ് മാണി ദൽഹിക്ക് തിരിച്ചെന്നുമായിരുന്നു വാർത്ത. ഇതിനെതിരെയാണ് ജോസ് കെ മാണി രംഗത്തെത്തിയത്.
കേന്ദ്ര മന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ മന്ത്രിമാരായ ഉമാ ഭാരതി, രാജീവ് പ്രതാപ് റൂഡി സഞ്ജീവ് ബല്യാൻ, ഫഗാൻ സിംഗ് കുലസ്‌തേ എന്നിവർ ഇന്നലെയും ഇന്നുമായി രാജിവച്ചിരുന്നു. മന്ത്രിസഭ പുനസംഘടന നാളെ നടക്കുമെന്നും ഞായറാഴ്ച്ച രാവിലെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജിയെ പറ്റി പ്രതികരിക്കാൻ ഉമാഭാരതി തയ്യാറായില്ല. പാർട്ടി നിർദ്ദേശം ചോദ്യം ചെയ്യാതെ അനുസരിക്കുകയായിരുന്നുവെന്ന് രാജീവ് പ്രതാപ് റൂഡിയും സഞ്ജീവ് ബല്യാണും പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുന്നത്.
പുനഃസംഘടനയ്ക്കു മുന്നോടിയെന്നോണം എട്ടു കേന്ദ്രമന്ത്രിമാർ ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാജി.
യോഗത്തിൽ മന്ത്രിസഭ പുനഃസംഘടന ചർച്ച ചെയ്‌തോ എന്ന കാര്യത്തിൽ മന്ത്രിമാർ കൃത്യമായ ഉത്തരം നൽകിയില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിക്കുന്നതിനാണ് അമിത് ഷാ യോഗം വിളിച്ചതെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന 2019നുമുമ്പുള്ള അവസാന പുനഃസംഘടന എന്ന നിലയിൽ ഏതാനും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാവും മന്ത്രിസഭ പുനഃസംഘടിപ്പിക്കുക. എൻ.ഡി.എയിൽ പുതുതായെത്തിയ ജെ.ഡി.യു, അണ്ണാ ഡി.എം.കെ കക്ഷികൾക്ക് പ്രാതിനിധ്യം നൽകുകയും ചെയ്യും.
വിദേശ പര്യടനത്തിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങിയെത്തുന്നതിനും ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നതിനും മുമ്പായി മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നാണു വിവരം.
പുനഃസംഘടനയിൽ അണ്ണാ ഡി.എം.കെക്ക് ഒരു കാബിനറ്റ് മന്ത്രി ഉൾപ്പടെ മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കും. ജെ.ഡി.യുവിനു രണ്ടു മന്ത്രിസ്ഥാനവും. ജെഡിയുവിന്റേതായി രണ്ടു മന്ത്രിമാർ കേന്ദ്രത്തിലെത്തിയാൽ നിലവിൽ ബീഹാറിൽ നിന്നുള്ള മറ്റൊരു മന്ത്രിക്കു സ്ഥാനം തെറിക്കും.
പ്രതിരോധ വകുപ്പിന്റെ ചുമതല ഇനിയെത്ര നാൾ കൂടി വഹിക്കും എന്ന ചോദ്യത്തിന് അധികകാലം ഉണ്ടാകില്ലെന്നായിരുന്നു പുനഃസംഘടന മുന്നിൽ കണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നൽകിയ മറുപടി. തുടർച്ചയായ ട്രെയിൻ അപകടങ്ങൾക്കിടെ രാജി വെക്കാനൊരുങ്ങിയ കേന്ദ്ര റയിൽ മന്ത്രി സുരേഷ് പ്രഭുവിനെ പ്രധാനമന്ത്രി ഇടപെട്ടു തടഞ്ഞിരുന്നു.
പുനഃസംഘടനയോടെ ഗതാഗത, ഷിപ്പിംഗ് വകുപ്പു മന്ത്രി നിതിൻ ഗഡ്കരി കൂടുതൽ പ്രമുഖനാകും. ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ ഭൂപേന്ദ്ര യാദവ് മന്ത്രിസഭയിലെ പുതുമുഖമായി എത്തുമെന്നാണു വിവരം.
നിലവിൽ കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന മുതിർന്നവരെ ഗവർണർമാരായി നിയമിക്കുമെന്നും വിവരമുണ്ട്. ഏഴ് ഗവർണർമാരുടെ ഒഴിവുകൾ നിലവിലുണ്ട്. നഗരവികസന, വാർത്താവിതരണ മന്ത്രി എം. വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി ആയതോടെയാണ് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നത്. നായിഡുവിന്റെ കീഴിലുണ്ടായിരുന്ന നഗരവികസന മന്ത്രാലയത്തിന്റെ ചുമതല മന്ത്രി നരേന്ദ്ര സിംഗ് തോമറിനാണു നൽകിയിരുന്നത്. വാർത്താ വിതരണ വകുപ്പ് ടെക്‌സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിക്കും നൽകിയിരുന്നു.
പരിസ്ഥിതി മന്ത്രിയായിരുന്നു അനിൽ മാധവ് ദവേ അന്തരിച്ചപ്പോൾ ചുമതല ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷവർധനു നൽകി. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായതോടെ പ്രതിരോധത്തിന്റെ അധികച്ചുമതല കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കുമായി.
അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകയിൽ നിന്നും കൂടുതൽ പേർ ഇത്തവണ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. 2014ൽ നരേന്ദ്ര മോഡി അധികാരമേറ്റ ശേഷം ഇതു മൂന്നാം തവണയാണു മന്ത്രിസഭ പുനഃസംഘടന നടക്കാനിരിക്കുന്നത്. ഇക്കാര്യത്തിൽ അമിത് ഷായും മോഡിയും മുതിർന്ന ആർ.എസ്.എസ് നേതാക്കളുമായും ചർച്ച നടത്തി.






