Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽ പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിലായി

കൊച്ചി- കോവിഡ്19 രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ നിർദേശം ലംഘിച്ച് രാവിലെ വ്യായാമത്തിനും പ്രഭാത സവാരിക്കുമായി ഇറങ്ങിയ 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. ജനങ്ങൾ വീടിനു പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് പുലർച്ചെ നടക്കാനിറങ്ങിയവരെയാണ് പോലീസ് പിടികൂടിയത്.
പോലീസ് നടത്തിയ ഡ്രോൺ നിരീക്ഷണത്തിലാണ് പ്രഭാത സവാരിക്കാർ കുടുങ്ങിയത്. അറസ്റ്റിലായവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കൂട്ടത്തോടെ ആളുകൾ പ്രഭാത സവാരിക്ക് നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പോലീസ് നേരത്തേ വിലക്കിയിരുന്നതാണ്. എന്നാൽ ഇതു ലംഘിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഡ്രോൺ വഴി രാവിലെ നിരീക്ഷണം നടത്തുകയായിരുന്നു. നിരോധാജ്ഞ ലംഘിച്ചതിനും ലോക്ഡൗൺ നിർദേശം പാലിക്കാതെ പുറത്തിറങ്ങിയതിനും കൂട്ടംകൂടിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. എപ്പിഡെമിക് ആക്ട് പ്രകാരമാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടു

 

അതിനിടെ, കോവിഡ്19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം കെയറിൽ കഴിയുന്നവരുടെ വിവരങ്ങൾ അറിയുന്നതിനും അവരെ നിരീക്ഷിക്കുന്നതിനുമായി എറണാകുളം റൂറൽ ജില്ലാ പോലീസ് പുതിയ ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത് അവതരിപ്പിക്കുന്നു. ഹാപ്പി അറ്റ് ഹോം എന്ന പേരു നൽകിയിരിക്കുന്ന ഈ ആപ്, ഹോം കെയറിൽ കഴിയുന്നവരെയും പോലിസിനെയും പരസ്പരം ബന്ധിപ്പിക്കുന്നതാണെന്ന് ആപ് രൂപകൽപന ചെയ്ത ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. 
ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഈ ആപ് രജിസ്റ്റർ ചെയ്യുന്നത്.  പ്രസ്തുത മൊബൈൽ നമ്പറിലേക്ക് 4 അക്ക ഒ.ടി.പി അയക്കുകയും അത് ഉപയോഗിച്ച് അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാനും സാധിക്കും. ഹോം കെയറിൽ കഴിയുന്നവരുടെ  ദൈനംദിന ആരോഗ്യാവസ്ഥ ആപ് വഴി അറിയാൻ കഴിയും. ഇവർക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മെഡിക്കൽ സൗകര്യം ലഭ്യമാക്കും. എത്ര ദിവസം ഹോം കെയറിൽ കഴിഞ്ഞു എന്നും ഇനി എത്ര ദിവസം കൂടി കഴിയേണ്ടി വരുമെന്നും ഇതിലൂടെ അറിയാൻ സാധിക്കും. പെട്ടെന്ന് സഹായം ആവശ്യമായി വന്നാൽ എസ്.എം.എസ് മെസേജ് അയക്കാനും കഴിയും. ബന്ധപ്പെട്ട സ്റ്റേഷൻ വഴി നടപടിയും പരിഹാരവും ഉണ്ടാക്കും. 


ആപ് വഴി ഹോം കെയറിൽ കഴിയുന്നവരുടെ ലൊക്കേഷൻ അറിയാൻ സാധിക്കും. ഇതു വഴി ഇവരെ കണ്ടെത്തി സഹായിക്കാൻ കഴിയും. റിസൽട്ട് പോസിറ്റീവ് ആകുന്നവരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനും ഇവരുടെ മുൻ യാത്രകൾ മനസ്സിലാക്കുന്നതിനും ഉപകരിക്കും. പോലീസ്, ദിശ, ജെ.എച്ച്.ഒ, മെന്റൽ കൗൺസിൽ, ഭക്ഷണ വിതരണം, കൊറോണ കൺട്രോൾ എന്നിവയുടെ ടെലിഫോൺ നമ്പറുകളും ഇതിൽ ലഭ്യമാണ്. ഹോം കെയറിൽ കഴിയുന്നവർക്ക് ഏത് സേവനമാണോ വേണ്ടത് അത് തെരഞ്ഞെടുക്കാം. പോലിസുദ്യോഗസ്ഥർക്കും പേജിലേക്ക് മെസേജ് അയക്കാം. പ്രധാന അറിയിപ്പുകളും ആപ് വഴി ലഭ്യമാകും. പ്ലേ സ്റ്റോർ വഴി ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ആപ് പരിശോധിക്കാനും നിർദേശങ്ങൾ നൽകുന്നതിനും ജില്ലാ പോലീസ് ആസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു. സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായ ഡിപിൻ കെ. ദാസ്, ജിംഗിൾ ഏലിയാസ്, പി.ജി. മോഹൻദാസ് എന്നിവരുടെ സഹകരണത്തോടെയാണ് ജില്ലാ പോലീസ് മേധാവി ഈ ആപ് നിർമിച്ചത്.

Latest News