കൽപറ്റ-കൊറോണ വ്യാപനം തടയുന്നതിനു ദേശവ്യാപകമായി പ്രാബല്യത്തിലാക്കിയ ലോക്ഡൗൺ ദീർഘിപ്പിച്ചാൽ കർണാടകയിൽ ഇഞ്ചിക്കൃഷി നടത്തുന്ന കർഷകർ സഹിക്കേണ്ടിവരിക കോടിക്കണക്കിനു രൂപയുടെ നഷ്ടം. ഇഞ്ചി ഏപ്രിൽ പകുതിക്കു ശേഷം നടുന്നതിനു ഏക്കറിനു ഒന്നര ലക്ഷം രൂപ അധികച്ചെലവ് ഉണ്ടാകുമെന്നു കർഷകർ പറയുന്നു.
വയനാട് ഉൾപ്പെടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു കർഷകരാണ് കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗർ, കുടക്, ഷിമാഗ ജില്ലകൡ ഒറ്റക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്നത്. ഇത്തവണ കൃഷിക്കായി നിലം പാട്ടത്തിനെടുത്തു ഒരുക്കിയതും വിത്തും വളങ്ങളും ശേഖരിച്ചതും വൃഥാവിലാകുമെന്ന ആശങ്കയിലാണ് കർഷകർ പൊതുവെ.
മാർച്ചിലും ഏപ്രിൽ ആദ്യ പകുതിയിലുമായാണ് കർണാടകയിൽ സാധാരണ ഇഞ്ചി നടീൽ. ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ വാർഷിക പാട്ടം നൽകി എടുത്ത സ്ഥലം കൃഷിക്കായി ഒരുക്കി ജലസേചനത്തിനു സംവിധാനം ഏർപ്പെടുത്തുകയും ചാണകം ഉൾപ്പെടെ വളങ്ങൾ ശേഖരിക്കുകയും വിത്ത് നടാൻ പാകത്തിനു മുറിച്ചു താൽക്കാലിക പുരകളിൽ സൂക്ഷിക്കുകയും ചെയ്ത ഘട്ടത്തിലാണ് കൊറോണ വൈറസ് വ്യാപനമുണ്ടായത്.
ഗ്രാമീണ തൊഴിലാളികളാണ് കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ കൃഷിപ്പണിക്കു എത്തിയിരുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകയിൽ ഇഞ്ചിക്കൃഷിയുള്ള പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളും ഊരുമൂപ്പൻമാരും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയാളികളുടെ ഇഞ്ചിപ്പാടങ്ങളിൽ പണിക്കു പോകുന്നതിൽനിന്നു തൊഴിലാളികളെ വിലക്കി. കേരളത്തിലും കുടകിലും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി കൂടുതൽ വഷളായി. കർഷകർക്കു കൃഷിയിടത്തിനു പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി സംജാതമായി. സാമൂഹിക ദ്രോഹികളുടെ ഭീഷണിയും കർഷകർക്കു നേരിടേണ്ടിവരുന്നുണ്ട്. ഹുൻസൂർ താലൂക്കിലെ ഇഞ്ചിപ്പാടങ്ങളിലുള്ള ഷെഡുകളിൽ മൂന്നിൽ കൂടുതൽ ആളുകളെ താമസിക്കാനും അനുവദിക്കുന്നില്ലെന്നു ജിഞ്ചർ ഗ്രോവേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ബത്തേരി സ്വദേശിയുമായ മോഹൻ നവരംഗ് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ രണ്ടാഴ്ച കൂടി തുടർന്നാൽ ഇഞ്ചിവിത്തിന്റെ കുറുമുള മൂന്നും നാലും ഇഞ്ചു വരെ നീളും. ഓരോ വിത്തും മുളപൊട്ടാതെ നടുകയെന്നതു ശ്രമകരവും ചെലവേറിയതുമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണ സ്ഥിതിയിൽ ഒരേക്കറിൽ ഇഞ്ചിക്കൃഷിക്കു ആദ്യ ഘട്ടത്തിൽ തന്നെ ചെലവ് ഏകേദശം നാലു ലക്ഷം രൂപയാകും. വിത്ത്, ചാണകം, പുതയിടാനുള്ള ചപ്പ് എന്നിവയുടെ വില, പാട്ടം, ജലസേചനത്തിനുള്ള മരാമത്ത് പണികൾ, പണിക്കൂലി എന്നിവ ഉൾപ്പെടെയാണിത്. കർഷകരിൽ ഏറെയും ഇഞ്ചി പങ്കുകൃഷിയായാണ് നടത്തുന്നത്. ഓരോ പങ്കുകൃഷി സംഘങ്ങളിലും നാലും അഞ്ചും കർഷകരുണ്ടാകും. കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലമാണ് ഓരോ സംഘവും കൃഷിക്കായി പാട്ടത്തിനെടുക്കുന്നത്. ഒന്നോ രണ്ടോ ഏക്കറിൽ മാത്രം നടത്തുന്ന കൃഷിക്കു ചെലവേറുന്ന സാഹചര്യത്തിലാണ് പങ്കുകൃഷി. പങ്കുകാരിൽ ഒന്നോ രണ്ടോ പേരാണ് കൃഷിയിടത്തിൽ സ്ഥിരം ഉണ്ടാവുക.
വിത്തിറക്കൽ നീണ്ടാൽ നിലവിൽ ഒരുക്കിയ സ്ഥലം കാടുകയറും. മണ്ണ് ഉറയ്ക്കും. കൃഷിയിടം വീണ്ടും പൂട്ടിപ്പൊടിച്ചു ചാൽ വലിക്കണം. ജലസേചനത്തിനു ആവശ്യമായ പ്രവൃത്തികളിൽ ചിലതും പുതുതായി നടത്തണം. ഒടിയാതെ നടാൻ കഴിയാത്ത വിധം വിത്തുകളിലെ മുള വളർന്നാൽ പുതിയ വിത്തും കണ്ടെത്തേണ്ടിവരും. ഇതു ഓരോ കർഷകനും അധികച്ചെലവിനു കാരണമാകുമെന്നു വയനാട് കർഷക കൂട്ടായ്മ പ്രസിഡന്റ് ഇ.പി.ഫിലിപ്പു കുട്ടി പറഞ്ഞു.






