Sorry, you need to enable JavaScript to visit this website.

കർഫ്യൂ: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങിയാൽ പിഴ

റിയാദ് - ഇരുപത്തിനാലു മണിക്കൂർ കർഫ്യൂ ബാധകമാക്കിയ പ്രദേശങ്ങളിലെ താമസക്കാർ അനിവാര്യവും അത്യാവശ്യവുമായ കാര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണൽ ത്വലാൽ  അൽശൽഹോബ് പറഞ്ഞു. ചികിത്സക്കും ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനും അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്കു മാത്രം തങ്ങൾ താമസിക്കുന്ന ഡിസ്ട്രിക്ടുകളുടെ പരിധിയിൽ രാവിലെ ആറു മുതൽ വൈകീട്ടു മൂന്നു വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നതിനാണ് 24 മണിക്കൂർ കർഫ്യൂ ബാധകമാക്കിയ പ്രദേശങ്ങളിലുള്ളവർക്ക് അനുമതിയുള്ളത്. 
ഈ ഡിസ്ട്രിക്ടുകളിൽ പുറത്തിറങ്ങി സഞ്ചരിക്കുന്നവർ അത്യാവശ്യ കാര്യങ്ങൾക്കാണോ പുറത്തിറങ്ങുന്നതെന്ന് സുരക്ഷാ സൈനികർ അന്വേഷിച്ച് ഉറപ്പുവരുത്തുമെന്നും അത്യാവശ്യ കാര്യത്തിനല്ല പുറത്തിറങ്ങിയതെന്ന് കണ്ടെത്തിയാൽ പിഴ ചുമത്തുമെന്നും ലെഫ്. കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു. കർഫ്യൂ ലംഘിക്കുന്നവർക്ക് ആദ്യ തവണ 10,000 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവർത്തിച്ച് കുടുങ്ങുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തുന്നവർക്ക് ഇരുപതു ദിവസത്തിൽ കവിയാത്ത തടവു ശിക്ഷ ലഭിക്കും. 

Latest News