Sorry, you need to enable JavaScript to visit this website.

കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താജ് ഹോട്ടലില്‍ സൗജന്യതാമസം

ന്യൂദല്‍ഹി- മുംബൈയിലെ ആഡംബര ഹോട്ടല്‍ താജ് മഹല്‍ ഹോട്ടലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ താമസം വാഗ്ദാനം ചെയ്ത് ടാറ്റാഗ്രൂപ്പ്.മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും ലക്ഷ്വറി പ്രോപ്പര്‍ട്ടികളിലും താമസസൗകര്യം കൂടി കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.ശ്രമകരമായ സമയങ്ങളില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെ കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്ന് കമ്പനി അറിയിച്ചു. താജ്മഹല്‍ പാലസ്,താജ് ലാന്റ്‌സ് എന്റ്,താജ് സാന്റാക്രൂസ്,ദ പ്രസിഡന്റ്,ജിഞ്ചര്‍ എംഐഡിസി അന്ധേരി,ജിഞ്ചര്‍ മഗ്ഡാവ്,ജിഞ്ചര്‍ നോയിഡ എന്നീ ഏഴ് ആഡംബര ഹോട്ടലുകളിലാണ് താമസസൗകര്യം ഉണ്ടായിരിക്കുക.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ അയല്‍വാസികള്‍ അപമാനിച്ചതായുള്ള റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് രത്തന്‍ടാറ്റ ഇക്കാര്യം പ്രഖ്യാപിച്ചത്. ടാറ്റാ ഗ്രൂപ്പ് താജ് ഹോട്ടല്‍,കൊളാബ,താജ് ലാന്റ്‌സ് എന്റ്,ബാന്ദ്ര തുടങ്ങിയവയില്‍ ബിഎംസി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സൗകര്യമൊരുക്കിയതായും രത്തന്‍ടാറ്റയോട് നന്ദി പറയുന്നതായും എംപി സുപ്രിയ സുലേ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
 

Latest News