Sorry, you need to enable JavaScript to visit this website.

സർക്കാറിന്റെ  മദ്യാസക്തിയും ഹൈക്കോടതി ഇടപെടലും  

ലോക്ഡൗണിൽ മദ്യശാലകൾക്ക് താഴ് വീണപ്പോൾ മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം വീട്ടിൽ എത്തിച്ചു നൽകും എന്ന വിവാദ തീരുമാനമാണ് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഡോക്ടർമാർ തന്നെ ശക്തമായ എതിർപ്പുകളുമായി രംഗത്ത് വന്നു. മെഡിക്കൽ എത്തിക്‌സിന് നിരക്കാത്ത ഇത്തരം നടപടികളുമായി ഡോക്ടർമാർ സഹകരിക്കില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡോക്ടർമാർ കരിദിനം ആചരിക്കുകയും ചെയ്തു.
ഈ ഉത്തരവ് കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണിപ്പോൾ. ടി.എൻ. പ്രതാപൻ എം.പി, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തുടങ്ങിയവരുടെ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. മദ്യാസക്തിയുള്ളവർക്ക് മരുന്നായി മദ്യം നൽകിയാൽ എങ്ങനെ ആസക്തി കുറയുമെന്നും ഡോക്ടർമാരാണ് രോഗികൾക്ക് എന്ത് മരുന്നാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത് എന്നും ഹൈക്കോടതി വ്യക്തമാക്കി. കുറിപ്പടി നൽകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് കൊണ്ട് എന്ത് പ്രയോജനം എന്നും ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ. എന്നാൽ ഈ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ ഹൈക്കോടതിയിൽ വിചിത്രവാദങ്ങളാണ് ഉന്നയിച്ചത്. മദ്യാസക്തി ഉള്ളവർക്ക് ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് ഇെല്ലന്നും മദ്യാസക്തർക്ക് ചെറിയ അളവിൽ മദ്യം നൽകുന്നത് സ്വീകരിക്കപ്പെട്ടിട്ടുള്ള മാർഗമാണെന്നും ആയിരുന്നു സർക്കാർ വാദം. 
രോഗികളെ ചികിത്സിക്കേണ്ടതും അവരുടെ രോഗങ്ങൾക്ക് മരുന്ന് നിർദേശിക്കേണ്ടതും ഡോക്ടർമാരാണ് അല്ലാതെ ഭരണകൂടങ്ങൾ അല്ല. രോഗശമനത്തിനാണ് ചികിത്സ, അല്ലാതെ രോഗിയുടെ ജീവൻ അപകടപ്പെടുത്താൻ അല്ല. ഏത് രംഗത്തും എന്നത് പോലെ ചികിത്സയിലും ധാർമികത ഉണ്ട്. സത്യസന്ധവും ധാർമികവുമായ സമീപനം ആണ് ഡോക്ടർമാർ രോഗികളോട് സ്വീകരിക്കേണ്ടത്. മറിച്ചുള്ള സമീപനങ്ങൾ അംഗീകരിക്കപ്പെടാവതല്ല. മദ്യാസക്തി ചികിത്സിച്ചു മാറ്റേണ്ട രോഗം തന്നെയാണ്. എന്നാൽ അതിന് ചികിത്സ തീരുമാനിക്കേണ്ടതും അത് നടപ്പിലാക്കേണ്ടതും ആ രംഗത്ത് വൈദഗ്ധ്യം ഉള്ളവരാണ്. മറിച്ച് മദ്യത്തിൽ നിന്ന് ലാഭം മാത്രം കൊതിക്കുന്ന ഭരണാധികാരികൾ അല്ല. ലഹരി മുക്തി നേടാൻ ഡീ അഡിക്ഷൻ സെന്ററുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.


മദ്യം മാത്രമല്ലല്ലോ നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന ലഹരി. പാൻ ഉൽപന്നങ്ങളും പുകയില ഉൽപന്നങ്ങൾ, മയക്ക് മരുന്ന് തുടങ്ങി നിരവധി ലഹരി പഥാർത്ഥങ്ങൾക്ക് അടിമകളായ ആയിരങ്ങൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട്. അവർക്ക് ഈ ലഹരി വസ്തുക്കൾ എത്തിച്ചു നൽകാൻ സർക്കാർ തയാറാവുമോ? അവർക്കും ഈ പറയുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലേ? എന്തേ മദ്യത്തോടും മദ്യപൻമാരോടും സർക്കാറിന് ഇത്ര പ്രേമം. കാര്യം വ്യക്തം. മദ്യം സർക്കാറിന്റെ ഖജനാവ് നിറക്കുന്ന പൊൻമുട്ടയിടുന്ന താറാവാണ്. അതിനെ നോവിക്കാൻ തയാറല്ല. 
മദ്യ വരുമാനം വർഷാവർഷം കൂടിവരികയാണ് 2014--15 ൽ 8277 കോടിയായിരുന്നത് 2015-16ൽ 9787 ഉം 2016-17 ൽ 10,353 ഉം 2017-18 ൽ 11,024 ഉം, 2018-19 ൽ 14,505 കോടി രൂപയായിട്ടുമാണ് വരുമാനം വർധിച്ചത്. മദ്യവർജനം ആണ് തങ്ങളുടെ നയം എന്ന് ഇപ്പോഴും ആവർത്തിച്ചു പറയുന്ന ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മദ്യ വിൽപനയും വരുമാനവും വർധിക്കുകയാണ് ചെയ്തത് എന്ന് കണക്കുകൾ വ്യക്തമാക്കുമ്പോൾ മദ്യവർജനം എന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാഴ്‌വാഗ്ദാനങ്ങൾ മാത്രമല്ലേ? രാഷ്ട്രീയ പാർട്ടികൾക്ക് കോടികൾ സംഭാവന നൽകുന്ന മദ്യലോബിയുടെ  സമ്മർദവും ഭരണകൂടത്തിന് അവഗണിക്കാനാവാത്തവിധം അവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്ന് വേണം കരുതാൻ.
ലഹരി നിർനാർജനത്തിൽ കാമ്പസുകളിൽ മുതൽ വിമുക്തി പദ്ധതിയടക്കം നിരവധി പദ്ധതികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുമ്പോൾ തന്നെയാണ് മദ്യവും മദ്യപരെയും നിലനിർത്താനും പോത്സാഹിപ്പിക്കാനും ചികിത്സാ രംഗത്തെ ധാർമ്മികാതയെ പോലും ചവിട്ടി മെതിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്.


മദ്യ വരുമാനത്തിൽ കണ്ണും നാട്ടിരിക്കുന്ന ഭരണാധികാരികൾ അത് ഉണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളെ മറന്ന് പോവുകയാണ്. മദ്യപാനം മൂലം ഉണ്ടാകുന്ന മാരകരോഗങ്ങൾ, ആയിരക്കണക്കിന് അമ്മമാരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കണ്ണീർ, നമ്മുടെ നിരത്തുകളിൽ ദിവസവും പൊളിഞ്ഞു വീഴുന്ന ജീവനുകൾ, അപകടത്തിൽ മാരക പരിക്കുകൾ പറ്റി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിന് ആളുകൾ, കുടുംബ തകർച്ചകൾ, ജോലി ചെയ്ത് കിട്ടുന്ന  പണം മദ്യ  പാനത്തിന് വേണ്ടി നീക്കിവെക്കുന്നവരുടെ വീടുകളിൽ ഉള്ള പട്ടിണിയും പരിവട്ടവും തുടങ്ങിയ നിരവധി യാഥാർഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണാധികാരികൾ. ജനാധിപത്യ ക്രമത്തിൽ ജനക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകേണ്ടത്. ജനങ്ങളുടെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യുന്ന നിലപാടുകളിൽ നിന്നും സർക്കാറുകൾ പിൻമാറണം. അതിന് കൊറോണ തീർത്ത പ്രതിസന്ധികൾ ഒരു അവസരമായി കാണുകയും സമ്പൂർണ മദ്യ നിരോധനം എന്ന കാലങ്ങളായുള്ള ആവശ്യത്തിന് അനുകൂല നടപടികൾ സ്വീകരിക്കുകയും ചെയ്യാൻ സർക്കാർ തയാറാവണം. അതിന് ഹൈക്കോടതി ഇടപെടൽ സഹായകരമാവട്ടെ.

Latest News